വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാൻജയെ യുഎസ്സിന് കൈമാറാന്‍ ഉത്തരവിട്ട് ബ്രിട്ടീഷ് കോടതി
യുഎസ്സിന് കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പാണ്
വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജെയെ അമേരിക്കയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് കോടതി ഉത്തരവ്. യുഎസ്സിൽ അദ്ദേഹം വിചാരണ നേരിടേണ്ടി വരും. യുഎസ്സിന് കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പാണ്. എന്നാൽ ഹൈക്കോടതിയിൽ അസാൻജെയ്ക്ക് അപ്പീൽ നൽകാം. അടുത്ത പതിനാല് ദിവസത്തിനുള്ളിലാണ് അസാൻജെ അപ്പീൽ നൽകേണ്ടത്.
2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്‌സ് പുറത്തുവിട്ടത്. ഇറാഖ്, അഫ്ഗാൻ യുദ്ധവുമായി ബന്ധപ്പെട്ട് 5 ലക്ഷം രഹസ്യ രേഖകളാണ് അസാൻജെ പുറത്തുവിട്ടത്. ഇതിൽ അദ്ദേഹത്തെ വിചാരണ ചെയ്യാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. 18 ക്രിമിനൽ കേസുകളാണ് ഇദ്ദേഹത്തിനെതിരെ അമേരിക്കയിലുള്ളത്.
2019 മുതൽ ലണ്ടൻ ജയിലിലാണ് അസാൻജെ. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു അദ്ദേഹം. യുഎസിലേക്ക് അയച്ചാൽ ഏകാന്ത തടവിൽ പാർപ്പിക്കാൻ സാധ്യതയുണ്ടെന്നും അത് ആത്മഹത്യക്ക് കാരണമാകുമെന്നുമുള്ള അസാൻജെയുടെ വാദം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ യുഎസ് അപ്പീൽ നൽകി. അസാൻജെയെ ഏകാന്ത തടവിൽ പാർപ്പിക്കില്ലെന്നും ഉചിതമായ പരിചരണം നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനെതിരെ അസാൻജെ അപ്പീൽ നൽകിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വാദങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.