'നന്ദി കാനഡ': ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്, ഭൂരിപക്ഷത്തില്‍ അനിശ്ചിതത്വം
ഇത് മൂന്നാം തവണയാണ് ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്
കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കവേ ട്രൂഡോയുടെ ലിബറൽ പാർട്ടി മുന്നേറുകയാണ്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.
കാനഡയിലെ പാർലമെന്‍റ് തെരഞ്ഞടുപ്പിൽ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷേ കേവല ഭൂരിപക്ഷം ലഭിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. 338 സീറ്റിൽ 170 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 158 സീറ്റുകളിലാണ് ട്രൂഡോയുടെ ലിബറൽ പാർട്ടി ലീഡ് ചെയ്യുന്നത്. മുഖ്യപ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവിന് 121 സീറ്റുകളിൽ മാത്രമാണ് ലീഡ്. പോസ്റ്റൽ വോട്ടുകൾ ഇനി എണ്ണാനുണ്ട്. ഇത് കൂടി എണ്ണിയ ശേഷമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകൂ.
തോൽവി സമ്മതിക്കുന്നതായും പ്രതിപക്ഷത്ത് തുടരുമെന്നും പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവിന്റെ നേതാവ് എറിൻ ഒ ടൂൾ വ്യക്തമാക്കി. ഇത് മൂന്നാം തവണയാണ് ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്. കുടിയേറ്റം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ജസ്റ്റിൻ ട്രൂഡോ എടുത്ത നിലപാടുകൾ ലോകമാകെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. എന്നാല്‍ കോവിഡ് നാലാം തരംഗത്തിനിടെ തെരഞ്ഞെടുപ്പ് നടത്തിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. രണ്ട് വര്‍ഷം നേരത്തെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
"നന്ദി, കാനഡ.. വോട്ട് ചെയ്തതിന്, ലിബറൽ ടീമിൽ നിങ്ങളുടെ വിശ്വാസം അർപ്പിച്ചതിന്, ശോഭനമായ ഭാവി തെരഞ്ഞെടുത്തതിന്.. കോവിഡിനെതിരായ പോരാട്ടം തുടരും. നമ്മൾ കാനഡയെ മുന്നോട്ട് നയിക്കും"- ട്രൂഡോ ട്വീറ്റ് ചെയ്തു.
Thank you, Canada — for casting your vote, for putting your trust in the Liberal team, for choosing a brighter future. We're going to finish the fight against COVID. And we're going to move Canada forward. For everyone.
— Justin Trudeau (@JustinTrudeau) September 21, 2021
2015ലാണ് കാനഡയുടെ പ്രധാനമന്ത്രിയായി ട്രൂഡോ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ വീണ്ടും അധികാരത്തിലെത്തി. അന്നും കേവല ഭൂരിപക്ഷമായ 170 സീറ്റിലേക്ക് ലിബറല്‍ പാര്‍ട്ടി എത്തിയിരുന്നില്ല. ഇത്തവണ ട്രൂഡോയ്ക്ക് അധികാരം നഷ്ടമാകുമെന്ന് പല സര്‍വെകളും പ്രവചിച്ചെങ്കിലും ട്രൂഡോ അധികാരം നിലനിര്‍ത്തുമെന്ന റിപ്പോര്‍ട്ടാണ് കാനഡയില്‍ നിന്നും വരുന്നത്.