സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തെന്ന കുറിപ്പിന് പിന്നാലെ ഖാംനഈയുടെ ഹീബ്രു അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് എക്സ്
ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിന് വെറുതെയിരിക്കില്ലെന്ന തരത്തിലുള്ള കുറിപ്പിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്
തെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ഹീബ്രു ഭാഷയിൽ എഴുതുന്ന അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്(പഴയ ട്വിറ്റർ). ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിന് വെറുതെയിരിക്കില്ലെന്ന തരത്തിലുള്ള കുറിപ്പിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. അദ്ദേഹം ഹീബ്രു ഭാഷയിൽ( ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷ) എഴുതുന്ന അക്കൗണ്ടിനാണ് പൂട്ടിട്ടത്.
@Khamenei_Heb എന്ന എക്സ് അക്കൗണ്ട് വഴിയാണ് ഖാംനഈ ഹീബ്രുവിൽ കുറിപ്പിട്ടത്. 'സയണിസ്റ്റ് ഭരണകൂടമൊരു തെറ്റ് ചെയ്തു, ഇറാനെ സംബന്ധിച്ച് അവർക്കുള്ള കണക്കുകൂട്ടലുകൾ തെറ്റി, ഇറാനിയൻ ഭരണകൂടത്തിനുള്ള ശക്തിയും ശേഷിയും സംവിധാനങ്ങളും എന്തെന്ന് ഞങ്ങൾ കാണിച്ച് കൊടുക്കും'- ഇങ്ങനെയായിരുന്നു ഖാംനഇയുടെ കുറിപ്പ്.
ശനിയാഴ്ച ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഹീബ്രു ഭാഷയിലുള്ള എക്‌സ് അക്കൗണ്ടിന് ഖാംനഇ തുടക്കമിട്ടത്. രണ്ട് കുറിപ്പുകളെ അദ്ദേഹം ഇതിൽ പോസ്റ്റ് ചെയ്തിട്ടുള്ളൂ. നിയമാവലികൾ ലംഘിച്ചതിനാണ് സസ്‌പെൻഡ് ചെയ്തത് എന്നാണ് എക്‌സ് വ്യക്തമാക്കുന്നത്. അതേസമയം ഖാംനഇയുടെ പ്രധാന എക്‌സ് അക്കൗണ്ടിനെ സസ്‌പെൻഡ് ചെയ്തിട്ടില്ല. ഇംഗ്ലീഷിലും ചില സമയങ്ങളിൽ ഹീബ്രുവിലുമാണ് ഈ അക്കൗണ്ടിലൂടെ വിവരങ്ങൾ പങ്കുവെക്കാറുള്ളത്. അറബികിനായിട്ട് വേറൊരു അക്കൗണ്ടും അദ്ദേഹത്തിനുണ്ട്. ഇതിന് പുറമെ 'ഖാംനഇ മിഡിയ' എന്ന എക്‌സ് ഹാൻഡിൽ അദ്ദേഹത്തിന്റെ തന്നെ കുറിപ്പുകൾ കൊടുക്കാറുണ്ട്. പ്രധാന അക്കൗണ്ട് ഇത് പങ്കുവെക്കാറുമുണ്ട്.
അതേസമയം സോഷ്യൽ മീഡിയയിൽ ഖാംനഈയെ സസ്പെന്‍ഡ് ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2023 ഒക്‌ടോബർ 7ലെ ഇസ്രായേലിന് നേരെയുള്ള ഹമാസിന്റെ മിന്നലാക്രമണത്തിന് പിന്നാലെ ഹമാസിനെ പിന്തുണച്ചതിന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു. ഖാംനഈയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്ക് നേരെ, നേരത്തെ എക്സ് രംഗത്ത് എത്തിയിരുന്നു.
ശനിയാഴ്ചയാണ് തെഹ്‌റാനിലെയും സമീപ പ്രദേശങ്ങളിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നാല് ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം ഈ മാസം ആദ്യം ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ റോക്കറ്റാക്രമണത്തിനുള്ള മറുപടിയായിരുന്നു. അതേസമയം ഇസ്രായേൽ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഞായറാഴ്ച ഖാംനഈ പറഞ്ഞു.
‘‘ഇസ്രായേൽ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകൾ തകർക്കണം. ഇറാൻ യുവതയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താൽപര്യങ്ങൾ നിറവേറ്റുന്ന നടപടികൾ സ്വീകരിക്കേണ്ടത് അധികാരികളാണ്’’ -അദ്ദേഹം പറഞ്ഞു. ഇറാന് മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ആക്രമണം എല്ലാ ലക്ഷ്യങ്ങളും നേടിയതായും ഇറാനെ ഏറെ ദോഷകരമായി ബാധിച്ചുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.