ചാവേർ ആക്രമണത്തിൽ തിരിച്ചടി; ഒരു ഭീകരവാദിയെ വധിച്ചെന്ന് അമേരിക്ക
നങ്കർഹാർ പ്രവിശ്യയിലെ ഐ.എസ് -കെ കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം
കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിൽ തിരിച്ചടിച്ചെന്ന് അമേരിക്ക. ഐ.എസ്-കെയുടെ കേന്ദ്രത്തിൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തി ഒരു ഭീകരവാദിയെ വധിച്ചെന്നും അമേരിക്ക അറിയിച്ചു.നങ്കർഹാർ പ്രവിശ്യയിലെ ഐ.എസ് -കെ കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 13 യു.എസ് സൈനികര്‍ അടക്കം 170 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഐഎസ്-കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്നലെ അറിയിച്ചിരുന്നു. 'ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. നിങ്ങളെ വേട്ടയാടിപ്പിടിക്കും. ഭീകരവാദികൾക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം നിർത്തില്ല. ഒഴിപ്പിക്കൽ തുടരുമെന്നാണ് വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കിയത്. വ്യാഴാഴ്ച രാത്രിയാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് രണ്ട് ചാവേർ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായത്.
അതേസമയം ആഗസ്ത് 31നകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്രയത്നത്തിലാണ് വിവിധ രാജ്യങ്ങൾ. അതിനിടെ താലിബാൻ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ നിന്നും പുറത്തുപോകാൻ കാത്തിരിക്കുന്നത്. ഇതുവരെ 1,10,000 പേരെ അഫ്ഗാനിൽ നിന്ന് പുറത്തുകടത്തി.യു.കെയടക്കമുള്ള രാജ്യങ്ങളും രക്ഷാദൗത്യം ഊർജിതപ്പെടുത്തി.