ചാള്‍സ് രാജാവിന്‍റെ കിരീടധാരണം അടുത്ത വര്‍‌ഷം മെയില്‍

രാജാവിന്‍റെ കിരീടധാരണം 2023 മെയ് 6 ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും

Update: 2022-10-13 03:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ രാജാവ് ചാള്‍സ് മൂന്നാമന്‍റെ കിരീടധാരണം അടുത്ത വര്‍ഷം മെയില്‍ നടക്കും. 2023 മെയ് 6ന് കിരീടധാരണം നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം അറിയിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാകും ചടങ്ങ് നടക്കുക.

''രാജാവിന്‍റെ കിരീടധാരണം 2023 മെയ് 6 ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. ചടങ്ങില്‍ ചാള്‍സിന്‍റെ ഭാര്യ കാമിലയെയും കിരീടമണിയിക്കും'' ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററില്‍ അറിയിച്ചു. പരമ്പരാഗത ആചാരങ്ങളും ആര്‍ഭാടങ്ങളും പിന്തുടര്‍ന്നുകൊണ്ടായിരിക്കും ചടങ്ങ് നടക്കുകയെന്നും ബക്കിംഗ്ഹാം പാലസ് അറിയിച്ചു. കിരീടധാരണ വേളയിൽ, കാന്‍റര്‍ബറി ആർച്ച് ബിഷപ്പ് രാജാവിനെ അഭിഷേകം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്യും.

എലിസബത്ത് രാജ്ഞിയുടെ മരണശേഷമാണ് ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 8നായിരുന്നു എലിസബത്തിന്‍റെ മരണം. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റിരുന്നു. സ്ഥാനാരോഹണം നടന്നിരുന്നെങ്കിലും മറ്റ് ഔദ്യോഗിക ചടങ്ങുകള്‍ നടന്നിരുന്നില്ല. ബ്രിട്ടനില്‍ അധികാരമേറ്റ ഏറ്റവും പ്രായമുള്ള രാജാവാണ് ചാള്‍സ് മൂന്നാമന്‍. അദ്ദേഹത്തിന് 73 വയസുണ്ട്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്‍റര്‍ബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങളാണ് ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്. ചാള്‍സ് രാജാവായതോടെ അദ്ദേഹത്തിന്‍റെ പത്നി കാമിലക്ക് ക്വീന്‍ കണ്‍സോര്‍ട്ട് എന്ന പദവി ലഭിക്കും. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News