ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാകയുമായി ഇടത് എം.പി
ഇദ്ദേഹത്തെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു
പാരീസ്: ഫ്രാൻസിലെ പാർലമെൻറിൽ ഫലസ്തീൻ പതാക വീശി ഇടതുപക്ഷ പാർട്ടിയായ ലെസ് ഇൻസൗമിസിന്റെ എം.പി. തെക്കൻ ഫ്രഞ്ച് നഗരമായ മാർസെയിലിന്റെ ഡെപ്യൂട്ടി സെബാസ്റ്റ്യൻ ഡോഗ്ലുവാണ് പതാകയുമായി എത്തിയത്.
ഇയാളെ ദേശീയ അസംബ്ലി ഹാളിൽ നിന്ന് സുരക്ഷ ഉദ്യോഗസ്ഥർ പുറത്താക്കുകയും പതാക പിടിച്ചുവാങ്ങുകയും ചെയ്തു. കൂടാതെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് നാഷണൽ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ പിവെറ്റ് പറഞ്ഞു. അതേസമയം, പതാക വീശുമ്പോൾ മറ്റു അംഗങ്ങൾ ഇദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഗസ്സയിലെ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജൂനിയർ ട്രേഡ് മന്ത്രി ഫ്രാങ്ക് റൈസ്റ്റർ ഉത്തരം നൽകുന്നതിനിടെയാണ് സംഭവം.
‘ഞാൻ ദേശീയ അസംബ്ലിയിൽ ഫലസ്തീൻ പതാക വീശി. കാരണം ഫ്രാൻസ് ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുകയാണ്. ഗസ്സയിൽ വംശഹത്യക്കാണ് നമ്മൾ സാക്ഷ്യംവഹിക്കുന്നത്’ - ഡെലോഗു മാധ്യമപ്രവർത്തകരോട് പറഞ്ഞു.