നിത്യാനന്ദയുടെ കൈലാസ മാത്രമല്ല, വേറെയുമുണ്ട് സ്വയംപ്രഖ്യാപിത രാജ്യങ്ങള്‍
നാലു പേര്‍ മാത്രം താമസിക്കുന്ന സ്വയം പ്രഖ്യാപിത രാജ്യമുണ്ട്. നായകള്‍ക്കും പൗരത്വമുള്ള, സ്വന്തമായി കറന്‍സിയുള്ള സ്വയം പ്രഖ്യാപിത രാജ്യങ്ങളുമുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ റിപബ്ലിക് ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന രാജ്യം ഇതുവരെ ആരും കണ്ടിട്ടില്ല. നിലവില്‍ ഒരു സാങ്കല്‍പ്പിക രാജ്യമാണത്. എന്നാല്‍ ഇങ്ങനെ രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല നിത്യാനന്ദ. അങ്ങനെ അവകാശപ്പെട്ട ചിലരെയും ചില സ്വയം പ്രഖ്യാപിത രാജ്യങ്ങളെയും പരിചയപ്പെടാം
റിപബ്ലിക് ഓഫ് മൊലോസിയ
നിത്യാനന്ദയെപ്പോലെ കെവിൻ ബാഗ് എന്ന വ്യക്തിയും രാജ്യം സ്ഥാപിച്ചെന്ന് സ്വയം പ്രഖ്യാപിക്കുകയുണ്ടായി. റിപബ്ലിക് ഓഫ് മൊലോസിയ എന്നാണ് പേര്. അമേരിക്കയിലെ നെവാദയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 മനുഷ്യരും 4 നായകളുമാണ് ഇവിടെ താമസിക്കുന്നത്. സ്വന്തമായ കറന്‍സിയൊക്കെയുണ്ട്. വലോറയെന്നാണ് കറന്‍സി അറിയപ്പെടുന്നത്. ബാങ്ക് ഓഫ് മൊലോസിയ സ്വന്തമായി നോട്ടുകള്‍ അച്ചടിച്ചിറക്കുന്നു. ഈ സ്വയം പ്രഖ്യാപിത രാജ്യത്ത് നായകള്‍ക്കും പൗരത്വമുണ്ട്. ഭാര്യയും മൂന്ന് മക്കളുമുള്ള കെവിൻ ബാഗ് എപ്പോഴും സൈനിക വേഷത്തിലാണ്. അദ്ദേഹം സ്വയം രാജ്യത്തിന്റെ ഭരണാധികാരിയായി കണക്കാക്കുന്നു. ദേശീയഗാനം രണ്ടു തവണ മാറ്റി. നീല, വെള്ള, പച്ച- ത്രിവർണ നിറത്തിലാണ് പതാക.
സ്വതന്ത്ര റിപബ്ലിക് ഓഫ് ലിബർലാൻഡ്
2015 ഏപ്രിൽ 13ന് വിറ്റ് ജെഡ്‌ലിക്ക എന്നയാളാണ് ലിബർലാൻഡ് എന്ന രാജ്യം പ്രഖ്യാപിച്ചത്. ക്രൊയേഷ്യയ്ക്കും സെർബിയയ്ക്കും ഇടയിലുള്ള ഒരു ചെറിയ ഭൂമിയാണിത്. ഡാന്യൂബ് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. 2.5 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. ഈ സ്വയം പ്രഖ്യാപിത രാജ്യത്ത് പ്രത്യേക നികുതിയും സ്വത്ത് നിയമങ്ങളും പൗരാവകാശങ്ങളുമുണ്ട്.
പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്
മുൻ സൈനികനായ എച്ച്.എം ഫോർട്ട് റഫ്സ് ഇംഗ്ലണ്ടിന്റെ തീരത്തോട് ചേർന്ന് സീലാൻഡ് എന്ന രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഇന്റർനാഷണൽ സീ ഏരിയയിൽ സ്ഥിതി ചെയ്യുന്നതിനാൽ, 1966ൽ ബ്രിട്ടീഷ് നാവികസേന ഈ സ്ഥലം ഒഴിപ്പിച്ചു. അതിനുശേഷം ഫോർട്ട് റഫ്സ് ഇവിടം പ്രത്യേക രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കടൽത്തീരത്ത് നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 1970ഓടെ സീലാൻഡിലെ ജനസംഖ്യ 70 ആയി.
റിപബ്ലിക ഗ്ലേസിയർ
ചിലിക്കും അർജന്‍റീനയ്ക്കും ഇടയിലെ ഒഴിഞ്ഞ പ്രദേശം ഗ്രീൻപീസ് പരിസ്ഥിതി പ്രവർത്തകർ 2014ൽ റിപബ്ലിക ഗ്ലേസിയർ എന്ന പ്രത്യേക രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ജലസംഭരണികൾ സംരക്ഷിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. രണ്ട് രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നതിനാലും നിയമപരമായ പഴുതുള്ളതിനാലും ആർക്കും ഇവിടെ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. റിപബ്ലിക ഗ്ലേസിയറിലെ ജനസംഖ്യ ഒരു ലക്ഷമാണ്. അവിടെ താമസിക്കുന്ന പൗരന്മാർക്ക് സ്വന്തമായി പാസ്‌പോർട്ട് ഉണ്ട്. ഓൺലൈനായി അപേക്ഷിക്കുന്നതിലൂടെ ആളുകൾക്ക് ഈ സ്വയം പ്രഖ്യാപിത രാഷ്ട്രത്തിലെ പൗരന്മാരാകാം. ഈ രാജ്യത്തെ ആദ്യ പൗരൻ ചിലിയൻ കവി നിക്കാനോർ പാര ആയിരുന്നു.
പ്രിൻസിപ്പാലിറ്റി ഓഫ് പോണ്ടിന
പോണ്ടിന ദ്വീപ് പോർച്ചുഗീസ് ഭരണകൂടത്തിന്‍റെ കീഴിലായിരുന്നു. പോർച്ചുഗലിലെ കാർലോസ് ഒന്നാമൻ രാജാവ് 1903ൽ ഇത് വിറ്റു. 2000ല്‍ സ്കൂൾ അധ്യാപകനായ റെനാറ്റോ ഡി ബാരോസ് ഈ ദ്വീപ് വാങ്ങി പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചു. റെനാറ്റോ ഡി ബാരോസ് സ്വയം രാജകുമാരനായി പ്രഖ്യാപിച്ചു. പോർച്ചുഗൽ തന്റെ രാജ്യത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. നിലവിൽ നാല് പേരാണ് ഈ രാജ്യത്ത് താമസിക്കുന്നത്.
ഈ സ്വയം പ്രഖ്യാപിത രാജ്യങ്ങളെല്ലാം എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ നിത്യാനന്ദയുടെ 'രാജ്യം' ആരും കണ്ടിട്ടില്ല. ഇക്വഡോറിലെ ഒരു ദ്വീപാണ് നിത്യാനന്ദയുടെ രാജ്യമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ബലാത്സംഗ കേസും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യവും ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ 2019ലാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. 2020ലാണ് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് നിത്യാനന്ദ അവകാശപ്പെട്ടത്.
കടപ്പാട്- ഇന്ത്യാടുഡെ
Summary- The United States of Kailasa is a self-proclaimed country founded by Nithyananda. However, he is not the only one to do so. Here is a list of some well-known micronations