പച്ച തൊടാനാകാതെ ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കടുത്ത് ലിസ് ട്രസ്
പ്രധാനമന്ത്രി പദം ഏതാണ്ടുറപ്പിച്ച് ലിസ് ട്രസ്
ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം അവസാനഘട്ട ത്തിലെത്തി നിൽക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലിസ് ട്രസും ഋഷി സുനകും നടത്തി വന്നിരുന്നത്. എന്നാൽ ഋഷി സുനകിനെ പിന്നിലാക്കി പ്രധാനമന്ത്രി പദം ഏതാണ്ടുറപ്പിച്ചിരിക്കുകയാണ് ലിസ് ട്രസ്.
കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലും ട്രസിനാണ് സ്വാധീനം. ബോറിസ് ജോൺസൻ തന്നെ ഇടപെട്ട് നേതാക്കളിൽ നിന്ന് ട്രസിന് പിന്തുണ നേടി കൊടുത്തിരുന്നു. ഈയിടെ നടത്തിയ ദേശവ്യാപക യാത്രയും ടി.വി ചർച്ചകളുമെല്ലാം ലിസ് ട്രസിനെ എല്ലാവരുടെയും പ്രിയങ്കരിയാക്കിയിരുന്നു.
അതേസമയം മത്സരത്തിൽ ഋഷി സുനക് വിജയിച്ചാൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകുമദ്ദേഹം. 2020 ഫെബ്രുവരിയിലാണ് ഋഷിയെ ധനമന്ത്രിയായി ബോറിസ് ജോൺസൺ നിയമിച്ചത്. കോവിഡ് കാലത്ത് ബിസിനസുകാർക്കും സാധാരണക്കാർക്കും വേണ്ടി ഋഷി അവതരിപ്പിച്ച പദ്ധതികൾക്ക് അദ്ദേഹത്തിന് വലിയ ജനപിന്തുണ ലഭിച്ചിരുന്നു.
തിങ്കളാഴ്ച്ചയാണ് ഫലം പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് ബോറിസ് ജോൺസൻ രാജിക്കത്ത് നൽകും. ഓഗസ്റ്റിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ച തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തോളം വരുന്ന ടോറി അംഗങ്ങളാണ് വോട്ട് ചെയ്യുന്നത്.