അമേരിക്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പല്ലിയുടെ സാഹസിക യാത്ര

സ്യൂട്ട് കേസിൽ ഒളിച്ചിരുന്ന് പല്ലി സഞ്ചരിച്ചത് 7,250 കിലോമീറ്റർ

Update: 2021-12-04 07:17 GMT
Editor : Lissy P | By : Web Desk
Advertising

 വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് അവധിയാഘോഷത്തിന് പോയതായിരുന്നു റേച്ചൽ ബോണ്ട്. യാത്ര അവസാനിപ്പിച്ച്‌ തിരിച്ച് വീട്ടിലെത്തിപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ആ അതിഥിയെ കണ്ട് അവർ ഞെട്ടിയത്.ബാഗ് തുറന്ന് സാധനങ്ങൾ എടുത്തുമാറ്റുന്നതിനിടെ അമ്മയാണ് പല്ലിയെ ആദ്യം കാണുന്ന്. അതുവരെ റേച്ചൽ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അമ്മയുടെ അലറികരച്ചിൽ കേട്ട റേച്ചൽ നോക്കുമ്പോൾ കണ്ടത് ചുമരിലൂടെ നീങ്ങുന്ന പച്ച നിറത്തിലുള്ള കുഞ്ഞൻ പല്ലിയെയാണ്. അമേരിക്കയിലെ ചൂടിൽ നിന്ന് കൊടുംതണുപ്പുള്ള ഇംഗ്ലണ്ടിലേക്ക് സ്യൂട്ട്‌കേസിൽ ഒളിച്ചിരുന്ന് പല്ലി സഞ്ചരിച്ചത് 7250 കിലോമീറ്ററാണ് .

ഫ്‌ലോറിഡയിലെ ഒർലാൻഡോയിലെ സന്ദർശനം അവസാനിച്ച് ഈ ആഴ്ചയാണ് 54 കാരിയായ റേച്ചൽ വിറ്റ്‌ലിബേയിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. പല്ലി എങ്ങനെയാണ് ബാഗിൽ കയറികൂടിയത് എന്നറിയില്ല.  ഞാൻ മുറിയിലേക്ക് കയറിയപ്പോഴാണ് ചുമരിലൂടെ പല്ലി നീങ്ങുന്നതായി കണ്ടതെന്ന് റേച്ചലിന്റെ മാതാവ് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കിടക്കയിലെ തലയണക്കടിയിലാണ് പല്ലിയെ കണ്ടെത്തിയതെന്നും രാവിലെ എഴുന്നേറ്റപ്പോൾ പല്ലി മുഖത്തില്ലാത്തത് അമ്മക്ക് ഏറെ ആശ്വാസം നൽകിയെന്ന് റേച്ചൽ ബി.ബിസിയോട് പ്രതികരിച്ചു.പരിക്കുകളൊന്നുമേൽക്കാതെ ഇത്രയും ദൂരം ഇത് സഞ്ചരിച്ചതും അത്ഭുതപ്പെടുത്തുന്നതാണ്. ചൂടുള്ള കാലാവസ്ഥയിൽ ആസ്വദിച്ച് ജീവിച്ച് ശീലിച്ച പല്ലി ഈ ശൈത്യകാലാവസ്ഥയിലെത്തിയതാലോചിക്കുമ്പോൾ അനുകമ്പ തോന്നുന്നുണ്ടെന്നും റേച്ചൽ കൂട്ടിച്ചേർത്തു.

പല്ലിയെ ജീവകാരുണ്യസംഘടനയായ റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (ആർ.എസ്.പി.സി.എ) ഏറ്റെടുത്തു. പല്ലിയെ ജന്മനാട്ടിലേക്ക് തിരിച്ചയക്കാൻ സാധ്യതയില്ലെന്നും ഇംഗ്ലണ്ടിലെ തന്നെ ഏതെങ്കിലും വന്യജീവിസങ്കേതത്തിലേക്കോ മൃഗശാലയിലേക്കോ പുനരധിവസിപ്പിക്കാനോ ആണ് സാധ്യതയെന്ന് സംഘടന അറിയിച്ചു. ഇത്തരമൊരു അവിശ്വസനീയമായ യാത്രയെ അതിജീവിക്കാൻ സാധിച്ച പല്ലി ഏറെ ഭാഗ്യവാനാണെന്ന് ആർ.എസ്.പി.സി.എ ഇൻസ്‌പെക്ടർ ലൂസി പ്രതികരിച്ചു. നേച്ചർ ജേണലുകളിലെ വിവരങ്ങൾ പ്രകാരം അനോല പല്ലികൾ കരീബിയൻ ദ്വീപുകളിലാണ് കൂടുതലായും കണ്ടുവരുന്നത്. എന്നാൽ ഈ ഇനം അമേരിക്കയിലെ ഫ്‌ലോറിഡ, ടെക്‌സാസ് മുതൽ നോർത്ത് കരോലിനയിലും കാണാറുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News