അങ്കാറയിൽ പ്രതീക്ഷയുടെ പുതുപുലരി; പരസ്പരം കൈകൊടുത്ത് മഹ്മൂദ് അബ്ബാസും ഇസ്മായിൽ ഹനിയ്യയും
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റിനെയും ഹമാസ് തലവനെയും ഒന്നിച്ചിരുത്തിയത്
അങ്കാറ: ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയെയും ഒരു മേശക്കു ചുറ്റുമിരുത്തി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. അങ്കാറയിലെ പ്രസിഡന്റിന്റെ വസതിയിലാണ് അപൂർവ കൂടിക്കാഴ്ചയ്ക്കു വഴിയൊരുങ്ങിയത്. ഹമാസും ഫലസ്തീൻ അതോറിറ്റി തലവനും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന അഭിപ്രായ ഭിന്നതകൾക്കും വൈരത്തിനുമിടയിലാണ് പ്രതീക്ഷ പകർന്ന് നേതാക്കൾ ഒന്നിച്ചിരുന്നത്.
അടച്ചിട്ട മുറിയിലാണ് മഹ്മൂദ് അബ്ബാസ്-ഇസ്മായിൽ ഹനിയ്യ കൂടിക്കാഴ്ച നടന്നത്. ഇരുനേതാക്കളെയും ഇരുവശം നിർത്തി ഉർദുഗാൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2007ൽ ഗസ്സ മുനമ്പിന്റെ നിയന്ത്രണം പിടിയിലാക്കിയതിനു പിന്നാലെ ഇസ്രായേലുമായി നടന്ന സമാധാന നീക്കത്തെ ഹമാസ് ശക്തമായി എതിർത്തിരുന്നു. ഇതോടെ മഹ്മൂദ് അബ്ബാസും ഹമാസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമാകുകയായിരുന്നു. ഇസ്രായേൽ അധിനിവേശം തുടരുന്ന വെസ്റ്റ് ബാങ്കിന്റെ അധികാരം ഫലസ്തീൻ അതോറിറ്റിയുടെ കീഴിലാണ്.
ഇസ്രായേലുമായുള്ള സമാധാനശ്രമങ്ങൾ ചർച്ച ചെയ്യാനായി ഈ മാസം അവസാനത്തിൽ ഹമാസ് തലവനുമായി കൂടിക്കാഴ്ച നടത്താൻ മഹ്മൂദ് അബ്ബാസ് തയാറായിട്ടുണ്ട്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇരുനേതാക്കളെയും ഉർദുഗാൻ അങ്കാറയിൽ ഒന്നിച്ചിരുത്തിയത്. ഈയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുർക്കി സന്ദർശിക്കാനിരുന്നതാണ്. എന്നാൽ, അടുത്തിടെ ശസ്ത്രക്രിയയ്ക്കു വിധേയനായതോടെ സന്ദർശനം മാറ്റിവച്ചിരിക്കുകയാണ്.
കെയ്‌റോയിലെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ചർച്ചകളാണ് അങ്കാറയിൽ നേതാക്കളുടെ സംഗമത്തിൽ നടക്കുകയെന്ന് ഇന്നലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹുസാം ബദ്രാൻ അറിയിച്ചിരുന്നു. ഇസ്രായേൽ അധിനിവേശം നേരിടുന്നതിൽ സമ്പൂർണമായ ചെറുത്തുനിൽപ്പാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കും. ഫലസ്തീൻ ജനത നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ഇതുതന്നെയാണെന്നും ബദ്രാൻ പറഞ്ഞു.
മഹ്മൂദ് അബ്ബാസ് ഔദ്യോഗിക സന്ദർശനത്തിനായി നേരത്തെ തന്നെ തുർക്കിയിലുണ്ട്. ഫലസ്തീൻ വിഷയത്തിൽ എല്ലാ പിന്തുണയും തുടരുമെന്ന് ഉർദുഗാനുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചയിൽ ഉർദുഗാൻ വ്യക്തമാക്കി. ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം ആവർത്തിച്ച അദ്ദേഹം അടുത്തിടെ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ അതിക്രമത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
ദ്വിരാഷ്ട്രത്തിലൂടെ മാത്രമേ മേഖലയിലെ സംഘർഷത്തിനു ശാശ്വത പരിഹാരമുണ്ടാകൂവെന്ന് മഹ്മൂദ് അബ്ബാസിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളത്തിൽ ഉർദുഗാൻ വ്യക്തമാക്കി. അൽഅഖ്‌സ ഉൾപ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങളുടെ ചരിത്രപരമായ തൽസ്ഥിതി മാറ്റാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല. 1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ മേഖലയിലെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വാർത്താസമ്മേളനത്തിൽ ഉർദുഗാൻ പറഞ്ഞു.
Summary: Turkey's President Tayyip Erdogan met Palestinian President Mahmoud Abbas together with Ismail Haniyeh, the leader of the Palestinian Islamist group Hamas, in Ankara