മലാല യൂസഫ് സായി പാകിസ്താനിൽ; മാതൃരാജ്യം സന്ദർശിക്കുന്നത് 10 വർഷങ്ങൾക്ക് ശേഷം
ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായം തേടാനുമാണ് മലാലയുടെ സന്ദർശനം
ഇസ്‍ലാമാബാദ്: മലാല യൂസഫ് സായി പാകിസ്താനിൽ. പ്രളയ ദുരന്തബാധിതരെ സന്ദർശിക്കാനാണ് മലാല പാകിസ്താനിലെത്തിയത്. താലിബാന്റെ വധശ്രമം നടന്ന് പത്ത് വർഷം തികയുമ്പോഴാണ് മലാല പാകിസ്താനിലെത്തുന്നത്.
ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായം തേടാനുമാണ് സന്ദർശനമെന്ന് മലാലയുടെ സന്നദ്ധ സംഘടന മലാല ഫണ്ട് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ പാകിസ്താന് 2800 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 80 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മലാലയുടെ ജന്മസ്ഥലമായ മിംഗോറയിൽ മാത്രം 28 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും ഇവരിൽ പലരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
പാക് താലിബാന്റെ വധശ്രമം അതിജീവിച്ച വ്യക്തിയാണ് മലാല. 2012ലാണ് മലാലയെ താലിബാൻ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശബ്ദമുയർത്തിയതോടെയാണ് താലിബാൻ മലാലയെ ലക്ഷ്യമിട്ടത്. തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടിലെ ചികിത്സക്ക് ശേഷം സുഖം പ്രാപിക്കുകയും ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.
2007ൽ സ്വാത് താഴ്‌വര അധീനതയിലാക്കിയ താലിബാൻ പെൺകുട്ടികൾ സ്‌കൂളുകളിൽ വരുന്നത് തടയുകയായിരുന്നു. ഇവരെ പാക് പട്ടാളം തുരത്തുന്നതുവരെ ഈ സ്ഥിതി തുടർന്നു. സ്വാത് താഴ്‌വരയിൽ മലാല പിന്നീട് പെൺകുട്ടികൾക്കായി സ്‌കൂൾ തുറന്നു. ലോകവ്യാപകമായി പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ മലാല ഫണ്ട് തുടങ്ങുകയും ചെയ്തു.
2014ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം മലാലക്ക് ലഭിച്ചത്. നൊബേൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 24കാരിയായ മലാല മാതാപിതാക്കൾക്കൊപ്പം ബ്രിട്ടണിലാണ് താമസം.