ലണ്ടനില്‍ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനിയായ നഴ്സും മക്കളും; ഭര്‍ത്താവ് കസ്റ്റഡിയില്‍
നഴ്സ് അഞ്ജുവും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്
ലണ്ടനിലെ നോർത്താംപ്ടണ്‍ ഷെയറിൽ കൊല്ലപ്പെട്ടത് കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവും മക്കളും. ഇന്ന് പുലർച്ചെയാണ് നഴ്സായ അഞ്ജുവിനെയും മക്കളായ ജാൻവിയെയും ജീവയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഞ്ജുവിന്റെ ഭർത്താവ് സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാമ്പത്തിക പ്രശ്നങ്ങള്‍ അഞ്ജുവിനെ അലട്ടിയിരുന്നുവെന്ന് പിതാവ് അശോകന്‍ പറഞ്ഞു. ജോലിയില്ലാത്തതിനാൽ ഭർത്താവ് സാജുവും നിരാശയിലായിരുന്നു. മകളും മരുമകനും തമ്മില്‍ മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന വിവരം ലഭിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.
ലണ്ടനിലെ നോർത്തംപ്ടൺഷെയറിലെ കെറ്റെറിംഗിലാണ് ദാരുണമായ കൊലപാതകം നടന്നത്. മലയാളിയായ നഴ്സും ഇവരുടെ ആറും നാലും വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെ സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് താമസ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കൊല്ലപ്പെട്ട നിലയിലും കുട്ടികളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് രണ്ട് കുട്ടികളും മരിച്ചത്.
സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ അഞ്ജുവിന്‍റെ ഭർത്താവായ 52കാരന്‍ സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു വർഷമായി ലണ്ടനിൽ കുടുംബ സമേതം കഴിയുകയാണ് ഇവർ. കെറ്ററിംഗ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.