തുർക്കിയില മികച്ച എഡ്യൂക്കേഷണൽ സ്റ്റാർട്ടപ്പ് മത്സരം; ഒന്നാം സ്ഥാനം നേടി മലയാളിയുടെ 'ആർച്ചീസ് അക്കാദമി'
ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡും ആർച്ചീസ് അക്കാദമി കരസ്ഥമാക്കിയിട്ടുണ്ട്.
അങ്കാറ: തുർക്കിയിലെ ഏറ്റവും വലിയ ടെക്നോളജി ഫെസ്റ്റിവൽ ആയ ടെക്നോഫെസ്റ്റ് സങ്കടിപ്പിച്ച ബെസ്റ്റ് എഡ്യൂക്കേഷണൽ സ്റ്റാർട്ടപ്പ് മത്സരത്തിൽ വിജയി ആയത് 'ആർച്ചീസ് അക്കാദമി' എന്ന ഒരു മലയാളിയുടെ കമ്പനി. ആഗസ്റ്റ് 30 ന് തുടങ്ങി രണ്ടു ദിവസം നീണ്ടു നിന്ന മത്സരം സെപ്റ്റംബർ ഒന്നിന് ഫലം പ്രഖ്യാപിക്കുകയായിരുന്നു. വിജയികൾക്കുള്ള ഗോൾഡ് മെഡലും അഞ്ച് ലക്ഷത്തോളം വിലവരുന്ന പാരിദോഷികവും തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗാനിൽ നിന്നും മലയാളി ആയ തൗഫീഖ് സഹീറും കൂട്ടരും ഏറ്റുവാങ്ങി.
മലയാളികൾ ഇല്ലാത്ത നാടില്ല എന്നൊരു ചൊല്ലുണ്ട്, എന്നാൽ മലയാളികൾ പൊതുവെ എണ്ണത്തിൽ കുറവുള്ള ഒരു രാജ്യമാണ് തുർക്കി. യൂറോപ്പിലെ ബാക്കി രാജ്യങ്ങളെ അപേക്ഷിച്ച് തുർക്കിയുടെ ബിസിനസ്സ് രംഗത്ത് മലയാളികളുടെ സാന്നിദ്ധ്യം വളരെ വിരളമാണ്. എന്നാൽ, സ്റ്റാർട്ടപ്പുകളോടുള്ള തുർക്കി ഗവർമെന്റിന്റെ അടുത്ത കാലത്തുള്ള കാഴ്ചപ്പാട് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. അങ്ങനെയാണ് 2019 ൽ ഒരു മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ 'ആർച്ചീസ് അക്കാദമി' എന്ന അമേരിക്കൻ കമ്പനി തുർക്കിയിലും വ്യാപിപ്പിക്കുന്നത്.
കൊച്ചിക്കാരനായ തൗഫീഖ് സഹീർ തൻ്റെ കരിയർ ആരംഭിക്കുന്നത് ടാറ്റ കൺസൾട്ടൻസിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ടാണ്. പിന്നെ കരിയർ ആവിശ്യം അമേരിക്കയിലോട്ട് പോവുകയും “വൂൾഫ്രം” എന്ന കംപ്യൂട്ടേഷണൽ കമ്പനിയിൽ മാനേജർ ആയി വർക്ക് ചെയ്തു വരികയായിരുന്നു. 2018 തൻ്റെ കുടുംബത്തോടൊപ്പം തുർക്കിയിലോട്ട് താമസം മാറിയ തൗഫീക്ക്, തുർക്കിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്ത് ഒരുപാടു മാറ്റം സാധ്യമാണെന്ന് മനസ്സിലാക്കുകയായിരുന്നു. കരിയർ പാതി വഴിയിൽ നിർത്തിവെച്ചവർ, പുതിയ കരിയർ നോക്കുന്നവർ, പുതിയ ബിരുദധാരികൾ എന്നിങ്ങനെ സോഫ്റ്റ്‌വെയർ ഫീൽഡിൽ താല്പര്യമുളളവർക്ക് എല്ലാം, പ്രാക്ടിക്കൽ എക്സ്പീരിയൻസോട് കൂടി ട്രൈനിംഗ് നേടാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ആർച്ചീസ് അക്കാദമി. സ്വന്തമായി നിർമ്മിച്ചെടുത്ത ‘ലേണിങ് മാനേജ്മെന്റ് സിസ്റ്റം’ ആർച്ചീസ് അക്കാദമിയുടെ വേറെ ഒരു പ്രത്യേകതയാണ്.
ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡും ആർച്ചീസ് അക്കാദമി കരസ്ഥമാക്കിയിട്ടുണ്ട്. സുസ്ഥിര വികസനത്തിനായുള്ള യു.എൻ ലക്ഷ്യത്തിലെ രണ്ട് മാനദണ്ഡങ്ങളായ മികച്ച വിദ്യാഭ്യാസം, ലിംഗസമത്വവും എന്നിവ നിറവേറ്റുന്നതിനായുള്ള ശ്രമമാണ് ആർച്ചീസ് അക്കാദമിയെ ഈ അവാർഡിന് അർഹരാക്കിയത്.