ഗൂഗ്ൾ ഹാക്കറുടെ അക്കൗണ്ടിലേക്കിട്ടത് രണ്ടുകോടി; ഇത്രയും സത്യസന്ധനായ മനുഷ്യനെ കണ്ടിട്ടില്ലെന്ന് സോഷ്യല്‍മീഡിയ

പണം അക്കൗണ്ടിലെത്തിയതിന്‍റെ സ്‌ക്രീൻ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്

Update: 2022-09-18 06:31 GMT
Editor : Lissy P | By : Web Desk
Advertising

വാഷിങ്ടൺ: ഗൂഗ്ൾ അബദ്ധത്തിൽ ഹാക്കറുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് രണ്ടുകോടിയോളം രൂപ.   യുഎസിലെ ഒമാഹയിലെ മെട്രോ മേഖലയിലുള്ള യുഗ ലാബിലെ സ്റ്റാഫ് സെക്യൂരിറ്റി എഞ്ചിനീയറായ സാം കറി എന്നയാൾക്ക് പണം കിട്ടിയത്. അദ്ദേഹം തന്നെയാണ് പണം അക്കൗണ്ടിലെത്തി വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

'ഗൂഗ്ൾ  എനിക്ക് 249,999 ഡോളർ അയച്ചിട്ട് മൂന്ന് ആഴ്ചയിലും മേലെയായി. എന്നാൽ ഇതിനെ കുറിച്ച് ഗൂഗ്‌ളിന്റെ ഭാഗത്ത് നിന്ന് ഒരു നോട്ടീസോ സന്ദേശമോ എനിക്ക് കിട്ടിയിട്ടില്ല. ഗൂഗ്‌ളിനെ ബന്ധപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ അദ്ദേഹം ട്വീറ്റ് ചെയ്തു.  ഇനി അതല്ല..ഈ പണം തിരിച്ചുവേണ്ടെങ്കിൽ എനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. പണം വന്നതിന്റെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഗൂഗ്ൾ പണം തിരികെ ചോദിച്ചാൽ കൊടുക്കാൻ വേണ്ടിയാണ് അത് സൂക്ഷിക്കുന്നതെന്ന് സാം കറി എൻ.പി.ആറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇനി ഗൂഗ്ൾ പ്രതികരിച്ചില്ലെങ്കിൽ നികുതി അടയ്ക്കാതിരിക്കാൻ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.ഗൂഗിളിന് വേണ്ടി മുമ്പ് ബഗുകളെ കണ്ടെത്തുന്ന ജോലി താന്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പണവും അതും തമ്മില്‍ ഒരു ബന്ധവും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സാം പറയുന്നു.

അതേസമയം, ഇക്കാര്യത്തില്‍ ഗൂഗ്ള്‍ പ്രതികരണവുമായി എത്തി.'   മനുഷ്യസഹജമായ പിഴവുമൂലം ഒരാൾക്ക് ഞങ്ങളുടെ ടീം  അറിയാതെ  പണം കൈമാറിയിട്ടുണ്ടെന്ന്   ഗൂഗ്ൾ  വ്യക്തമാക്കി. ' പണം കിട്ടിയയാള്‍  വേഗത്തിൽ തന്നെ ഞങ്ങളെ അറിയിച്ചു. അതിന് ആ മനുഷ്യനെ അഭിനന്ദിക്കുന്നു. ഞങ്ങൾ പണമിടപാടിലെ തെറ്റ് തിരുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ആഴ്ചയിലേറെ സാം കറി ആ പണത്തിൽ നിന്ന് ഒരുഡോളര്‍ പോലും ചെലവഴിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്ന് അറിയാതെ പറ്റിയ തെറ്റായിരുന്നു അതെന്നും പണം തിരികെ ലഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.

എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഗൂഗ്‌ളിൽ ആവർത്തിക്കുന്നുണ്ടെന്നും ഇതിന്റെ നടപടിക്രമങ്ങൾ എന്താണെന്ന് അറിയാൻ ആകാംക്ഷയുണ്ടെന്നും സാം കറി പറഞ്ഞു. സാമിന്റെ സത്യസന്ധതയെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഞാനാണെങ്കില്‍ ഇക്കാര്യം മിണ്ടുക പോലുമില്ലെന്നായിരുന്നു ചിലര്‍ കമന്‍റ് ചെയ്തത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News