യുവതിയുടെ കൊലപാതകം: ആസ്ത്രേലിയന്‍ പൊലീസ് 5 കോടി വിലയിട്ട ഇന്ത്യന്‍ നഴ്സ് ഡല്‍ഹിയില്‍ പിടിയില്‍
ആസ്ത്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്
ഡല്‍ഹി: ആസ്ത്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട കേസിലെ പ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍. ആസ്ത്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രജ്‍വീന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്.
ടോയ കോർഡിംഗ്ലെ എന്ന 24കാരിയെ രജ്‍വീന്ദര്‍ കൊലപ്പെടുത്തിയെന്നാണ് ആസ്ത്രേലിയന്‍ പൊലീസിന്‍റെ കണ്ടെത്തല്‍. 2018ൽ ആസ്ത്രേലിയയിലെ ക്വീൻസ്‍ലാൻഡിലെ വാന്‍ഗെട്ടി ബീച്ചിലാണ് സംഭവം. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനു ശേഷം ജോലിയും കുടുംബവും ഉപേക്ഷിച്ച് രജ്‍വീന്ദര്‍ ഇന്ത്യയിലേക്ക് കടന്നു. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഇയാള്‍ ആസ്ത്രേലിയയില്‍ താമസിച്ചിരുന്നത്. ഇന്നിസ്ഫെയിലിലാണ് ഇയാള്‍ നഴ്സായി ജോലി ചെയ്തിരുന്നത്.
രജ്‍വീന്ദര്‍ വിമാനത്താവളം വഴി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രജ്‍വീന്ദറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1 മില്യൺ ആസ്ത്രേലിയന്‍ ഡോളർ (5.31 കോടി രൂപ) പാരിതോഷികം നൽകുമെന്ന് ക്വീൻസ്‍ലാൻഡ് പൊലീസ് പ്രഖ്യാപിച്ചു. ക്വീൻസ്‍ലാൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ പാരിതോഷികമാണ് ഇത്.