ചാള്‍സ് രാജാവിനു നേരെ വീണ്ടും മുട്ടയേറ്; 20കാരന്‍ അറസ്റ്റില്‍

ചൊവ്വാഴ്ച ചാൾസ് രാജാവ് നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് ബെഡ്ഫോർഡ്ഷയർ പൊലീസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു

Update: 2022-12-07 03:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലണ്ടന്‍: ചാള്‍സ് രാജാവിനു നേരെ മുട്ടയെറിഞ്ഞ 20 കാരനെ യു.കെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ചാൾസ് രാജാവ് നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് ബെഡ്ഫോർഡ്ഷയർ പൊലീസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.സെന്‍റ് ജോർജ്ജ് സ്‌ക്വയറിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ബെഡ്‌ഫോർഡ്‌ഷെയർ പൊലീസ് പറഞ്ഞു.

ലൂട്ടണ്‍ ടൗണ്‍ഹാളിനു പുറത്താണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്നും മുട്ടയെറിഞ്ഞതിനെ തുടര്‍ന്ന് രാജാവിന്‍റെ സുരക്ഷാസംഘം യുവാവിനെ അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. ബെഡ്‌ഫോർഡ്‌ഷെയർ പട്ടണത്തിലേക്കുള്ള സന്ദർശന വേളയിൽ, രാജാവ് ഗുരു നാനാക്ക് ഗുരുദ്വാരയും ടൗൺ ഹാളും സന്ദർശിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.ഗുരുദ്വാരയില്‍ നമസ്തേ പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതിനു മുന്‍പ് രാജാവ് തന്‍റെ ഷൂസ് അഴിച്ചുമാറ്റി ശിരോവസ്ത്രം ധരിച്ചു.

ഒരു മാസം മുന്‍പ് യോര്‍ക്കില്‍ വച്ചും ചാള്‍സ് രാജാവിനും ക്യൂന്‍ കണ്‍സോര്‍ട്ട് കാമിലക്കും നേരെ മുട്ടയെറിഞ്ഞതിന് 23കാരനായ വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് പ്രതി. "അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. ഇദ്ദേഹം എന്‍റെ രാജാവല്ല" എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥി മുട്ടയേറ് നടത്തിയത്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു ചാള്‍സും കാമിലയും. മൂന്നു മുട്ടകളാണ് എറിഞ്ഞതെങ്കിലും ഒന്നും രാജാവിന്‍റെ ദേഹത്ത് കൊണ്ടില്ല. രാജകുടുംബത്തിന് നേരെ മുമ്പും മുട്ട പ്രതിഷേധം ഉണ്ടായിട്ടുണ്ട്. 2002ൽ എലിസബത്ത് രാജ്ഞി നോട്ടിംഗ്ഹാം സന്ദർശിച്ചപ്പോൾ വാഹനത്തിനു നേരെ മുട്ടയെറിഞ്ഞിരുന്നു. 1995-ൽ സെൻട്രൽ ഡബ്ലിനിൽ വച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകർ ചാള്‍സിനു നേരെയും മുട്ടയേറ് നടത്തിയിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് സെപ്തംബര്‍ 10നാണ് ചാൾസ് മൂന്നാമൻ രാജാവിനെ ബ്രിട്ടന്‍റെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മെയ് 6നാണ് കിരീടധാരണം നടക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News