ആക്രമിച്ചു കൊലപ്പെടുത്തിയ യുവാവിന്‍റെ മൃതദേഹവും കടിച്ചെടുത്ത് മുതല നീന്തിയത് ഒരു മണിക്കൂറിലേറെ...
ടംപീകോ നഗരത്തിലെ ലഗൂനാ ഡെല്‍ കാര്‍പിന്‍റോരോ ജലാശയത്തില്‍ ആമകള്‍ നീന്തുന്നതും മറ്റും കാണാനെത്തിയ സന്ദര്‍ശകരാണ് ഈ ഭീകര ദൃശ്യം ആദ്യം കണ്ടത്
മെക്‌സിക്കോ: ആക്രമിച്ച് കൊലപ്പെടുത്തിയ 25കാരന്‍റെ മൃതദേഹവും കടിച്ചെടുത്ത് തടാകത്തിലൂടെ ഭീമന്‍ മുതല നീന്തിയത് ഒരു മണിക്കൂറിലേറെ. വടക്ക് കിഴക്കന്‍ മെക്‌സിക്കോയിലെ ടമോലിപാസ് സ്‌റ്റേറ്റിലെ ഒരു തടാകത്തിലായിരുന്നു സംഭവം. ടംപീകോ നഗരത്തിലെ ലഗൂനാ ഡെല്‍ കാര്‍പിന്‍റോരോ ജലാശയത്തില്‍ ആമകള്‍ നീന്തുന്നതും മറ്റും കാണാനെത്തിയ സന്ദര്‍ശകരാണ് ഈ ഭീകര ദൃശ്യം ആദ്യം കണ്ടത്. 11 അടിയിലേറെ നീളമുണ്ടായിരുന്ന കൂറ്റന്‍ മുതല യുവാവിന്‍റെ ശരീരവും കടിച്ചുപിടിച്ച് തടാകത്തിലൂടെ നീന്തുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. മുതല തൊട്ടടുത്ത് നീന്തുന്നത് അറിയാതെയാണ് യുവാവ് തടാകത്തിലേക്ക് ചാടിയത്.നവീകരണം നടക്കുന്ന പാർക്ക് സമുച്ചയത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. പൊലീസെത്തിയപ്പോഴേക്കും തടാകത്തിന് സമീപത്തെ അഴുക്ക് ചാലിലേക്ക് യുവാവിന്‍റെ മൃതദേഹവുമായി മുതല നീന്തി പോയിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയടക്കം നടത്തിയ തിരച്ചിലില്‍ പാര്‍ക്കിന് സമീപത്തെ വൊളാന്‍റിന്‍ എന്ന പ്രദേശത്തെ മാന്‍ഹോളിന് താഴെ അഴുക്കുചാലില്‍ മുതലയേയും യുവാവിന്‍റെ മൃതദേഹത്തെയും കണ്ടെത്തുകയായിരുന്നു.
മാധ്യമപ്രവർത്തകൻ പോർഫിരിയോ ഇബാറയുള്‍പ്പെടെയുള്ളവര്‍ ഈ ഞെട്ടിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ലഗൂനാ ഡെല്‍ കാര്‍പിന്‍റോരോ പാലത്തിനു മുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അര്‍ധ നഗ്നമായ ശരീരമാണ് കാണാനാവുന്നത്. ഇടതുകാലും ഒരു കയ്യും നഷ്ടപ്പെട്ടതായി കാണുന്നുണ്ട്. വലതു തോളും തലയുടെ വശവും മുതലയുടെ താടിയെല്ലുകൾക്കിടയിലാണ്. യുവാവ് തടാകത്തില്‍ നീന്താന്‍ ശ്രമിക്കുമ്പോഴായിരിക്കും മുതല അയാളെ ആക്രമിച്ചതെന്ന് പ്രാദേശിക മാഗസിൻ എഡിറ്ററും അസോസിയേറ്റഡ് പ്രസിന്‍റെ ലേഖകനുമായ ഇബാര പറയുന്നു. യുവാവ് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവിനെ മുതല പിടികൂടുമ്പോഴും ആളുകള്‍ ഈ ദ്യശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ലഗൂനാ ഡെല്‍ കാര്‍പിന്‍റോരോ തടാകത്തില്‍ മുതലയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 2021 ജൂണിൽ തടാകത്തില്‍ വസ്ത്രം അലക്കിക്കൊണ്ടിരിക്കുന്ന സ്ത്രീയെ മുതല ആക്രമിച്ചിരുന്നു. ഈ വർഷം തെക്കൻ തമൗലിപാസിലെ മിക്കവാറും എല്ലാ തടാകങ്ങളിലും മുതലകളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, മുതലകളെ മാറ്റി പാര്‍പ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഫെഡറൽ പരിസ്ഥിതി സംരക്ഷണ ഏജൻസിയായ പ്രൊഫെപയിലെ ഇൻസ്പെക്ടർ മാറ്റിയാസ് ഫെർണാണ്ടസ് ടോറസ് പറഞ്ഞു.