പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു; ശസ്ത്രക്രിയ വിജയം
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനില്‍ മാറ്റിവെച്ചത്.
അമേരിക്കയിൽ പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ബെന്നറ്റിന് മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ മൂന്ന് ദിവസം മുൻപാണ് നടന്നത്. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍ററാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
"ഹൃദയം സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. ഞങ്ങൾ ആവേശഭരിതരാണ്. ഇത് മുന്‍പൊരിക്കലും ചെയ്യാത്ത കാര്യമാണ്"- ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കൽ സെന്‍ററിലെ കാർഡിയാക് ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാം ഡയറക്ടർ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
അമേരിക്കയില്‍ അവയവം മാറ്റിവെയ്ക്കാനായി കാത്തിരിക്കുന്നവരില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു. അവയവം ലഭ്യമല്ലാത്തതാണ് കാരണം. 3817 അമേരിക്കക്കാരില്‍ കഴിഞ്ഞ തവണ മനുഷ്യ ഹൃദയം മാറ്റിവെയ്ക്കുകയുണ്ടായി. പക്ഷേ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവര്‍ അതിലേറെയാണ്.
ഇതോടെയാണ് പന്നികളുടെ ഹൃദയം മാറ്റിവെയ്ക്കാനുള്ള സാധ്യത ശാസ്ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും ഗവേഷണം ഊര്‍ജിതമാക്കി. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.