പൊക്കമില്ലാത്തിനാൽ പ്രണയങ്ങൾ പരാജയപ്പെടുന്നു; 1.35 കോടി രൂപ ചെലവഴിച്ച് അഞ്ച് ഇഞ്ച് നീളം കൂട്ടി യുവാവ്
സോഫ്റ്റ് വെയർ എഞ്ചിനീയറായ ഗിബ്‌സൺ പണം സമ്പാദിക്കാനായി രാത്രി യൂബർ ഡ്രൈവറായും ജോലി ചെയ്തു
ന്യൂയോർക്ക്: ഉയരമില്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ട വ്യക്തിയാണ് അമേരിക്കക്കാരനായ മോസസ് ഗിബ്‌സൺ . എന്തിനേറെ പറയുന്നു തന്റെ പ്രണയങ്ങളെല്ലാം ഈ കാരണത്താൽ നഷ്ടപ്പെടുന്നതും ഗിബ്‌സണെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു. എന്നാൽ അതിലൊന്നും തോറ്റുകൊടുക്കാൻ ആ യുവാവ് തയ്യാറായിരുന്നില്ല. ഏകദേശം 1,70,000 ഡോളർ (1.35 കോടി രൂപ) ചെലവഴിച്ച് 41 കാരനായ മോസസ് ഗിബ്സണ് 5 അടി 5 ഇഞ്ചാണ് ഉയരം.
മിനസോട്ട സ്വദേശിയായ ഇയാൾ രണ്ട് കാലുകൾക്കും ശസ്ത്രക്രിയ നടത്തി അഞ്ച് ഇഞ്ച് നീളമാണ് കൂട്ടിയത്. 'തന്റെ ഉയരം കൂട്ടാൻ മരുന്നും ഒരു ആത്മീയ ചികിത്സയും ധ്യാനവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്‌തെങ്കിലും ഒന്നും വിജയിച്ചില്ല. എനിക്ക് എന്നെക്കുറിച്ച് എപ്പോഴും അവമതിപ്പ് തോന്നുമായിരുന്നു. എല്ലായ്മപ്പോഴും അസന്തുഷ്ടനായിരുന്നു. എന്റെ ആത്മവിശ്വാസത്തെയും അത് തകർത്തു. ഈ കാരണത്താൽ പ്രണയങ്ങളെല്ലാം തകർന്നു. അൽപ്പം ഉയരം കൂട്ടാൻ ഷൂസിൽ സാധനങ്ങൾ ഇടുമായിരുന്നു. ഉയരം കൂട്ടാമെന്ന് പറഞ്ഞ് പല ഗുളികകളും കഴിച്ചു. മനസ് ശാന്തമായാൽ ഉയരും വർധിപ്പിക്കാമെന്ന് മറ്റൊരു ആത്മീയാചാര്യൻ പറഞ്ഞു.പക്ഷേ അതെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു'. ഗിബ്‌സൺ മാധ്യമങ്ങളോട് പറഞ്ഞു.
തുടർന്നാണ് വിലയേറിയതും വേദനാജനകവുമായ കാൽ നീട്ടുന്ന ശസ്ത്രക്രിയയ്ക്ക് പോകാൻ തീരുമാനിച്ചത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ഗിബ്‌സൺ പണം സമ്പാദിക്കാനായി രാത്രി യൂബർ ഡ്രൈവറായും ജോലി ചെയ്തു. മൂന്ന് വർഷത്തിനിടെ ശസ്ത്രക്രിയയ്ക്കായി 75,000 ഡോളർ സമ്പാദിച്ചിരുന്നു.
2016 ലാണ് ഇതിന്റെ ചികിത്സ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മൂന്ന് ഇഞ്ച് നീളമാണ് കൂടിയത്.ഇതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. മാർച്ചിൽ നടത്തിയ ശസ്ത്രിയയിൽ ഉയരം 2 ഇഞ്ച് കൂട്ടി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് 98,000 ഡോളറാണ് ചെലവഴിച്ചത്. ഇപ്പോൾ അഞ്ച് അടി പത്ത് ഇഞ്ചാണ് നീളം. ഏറെ വേദനകൾ സഹിച്ചെങ്കിലും ശസ്ത്രക്രിയകൾക്ക് ശേഷം സ്ത്രീകളോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സാധിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. എനിക്ക് ഇപ്പോൾ കാമുകിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.