റഷ്യൻ ആക്രമണത്തിൽ മരിയൂപോളിൽ മാത്രം 5,000 പേർ കൊല്ലപ്പെട്ടെന്ന് മേയർ
നഗരത്തിലെ 90% കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും 40% കെട്ടിടങ്ങൾ പൂർണമായും തകർന്നതായും മേയറുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
മരുയൂപോൾ(യുക്രൈൻ): റഷ്യൻ ആക്രമണത്തിൽ തെക്കൻ യുക്രൈനിയൻ നഗരമായ മരിയൂപോളിൽ മാത്രം 5,000 ആളുകൾ കൊല്ലപ്പെട്ടെന്ന് മേയർ. നഗരത്തിലെ 90% കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും 40% കെട്ടിടങ്ങൾ പൂർണമായും തകർന്നതായും മേയറുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
യുക്രൈനിൽ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഒരു മാസവും നാല് ദിവസവും പിന്നിടുമ്പോഴും ആക്രമണം അയവില്ലാതെ തുടരുകയാണ്. യുക്രൈൻ പ്രസിഡന്റുമായുള്ള അഭിമുഖം റിപ്പോർട്ട് ചെയ്യരുതെന്ന് റഷ്യൻ മാധ്യമങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈൻ ജനതയിൽ റഷ്യക്കാർക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു.
തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രൈൻ സൈനിക ഇന്റലിജൻസ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രൈനിൽ മറ്റൊരു ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.