ഇറാന്റെ തിരിച്ചടി; മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം
ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനത്ത് നിന്നും മൂന്ന് മീറ്റർ അകലെയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
തെല്‍അവീവ്: ഇസ്രായേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് പതിച്ചത് തെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപം. പ്രദേശത്ത് വൻ ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനത്ത് നിന്നും മൂന്ന് മീറ്റർ അകലെയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. പാർക്കിങ് സ്ഥലമെന്ന് തോന്നിക്കുന്ന ഇടത്താണ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. മിസൈൽ ആക്രമണത്തിൽ പൊടിപടലങ്ങൾ ഉയര്‍ന്നതിനാല്‍ സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ മുകളിലെല്ലാം മണ്ണും കാണാം.
ഇസ്രായേലി നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ വ്യാപകമായി മുഴങ്ങിയിരുന്നു. പിന്നാലെ 10 ലക്ഷത്തോളം പേരാണ് സുരക്ഷിതയിടം തേടി ഒളിച്ചത്. രാജ്യത്തിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോമും ആരോയുമാണ് മിക്ക മിസൈലുകളെയും പ്രതിരോധിച്ചത് എന്നാണ് ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്. എന്നാല്‍ ചില മിസൈലുകളെ പ്രതിരോധിക്കാനായില്ലെന്നും അതാണ് അപകടം വരുത്തിയത് എന്നുമാണ് സേന വ്യക്തമാക്കുന്നത്. 180 മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ.
ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയേയും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയേയും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇറാന്റെ ആക്രമണം. ഇസ്മായില്‍ ഹനിയ്യയെ ഇറാന്റെ മണ്ണില്‍വെച്ചാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഇത് ഇറാനെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
അതേസമയം ലെബനനില്‍, ഇസ്രായേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി തിരിച്ചടിച്ചത്. ഉചിതമായ സമയത്ത് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ ഉന്നത നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ആക്രമണം. ഇതോടെ പ്രതികരണം താത്കാലികമായി അവസാനിച്ചുവെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇസ്രായേല്‍ പ്രകോപനം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്ന നിലപാടാണ് ഇറാനുള്ളത്.
അതേസമയം ഇറാന്‍ ചെയ്തത് വലിയൊരു തെറ്റാണെന്നും അതിന് കനത്ത വിലനല്‍കേണ്ടി വരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിൻ്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അമേരിക്ക ഇസ്രായേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രായേലിനെതിരെ വരുന്ന മിസൈലുകളെ വെടിവെച്ചിടാന്‍ പ്രസിഡന്റ് ബൈഡന്‍ സൈന്യത്തോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Outside Mossad HQ, 1050p local: pic.twitter.com/r0iiN6E9O8
— Nick Schifrin (@nickschifrin) October 1, 2024