തുര്‍ക്കി ഭൂകമ്പം; വിമാനത്താവളത്തിന്‍റെ റണ്‍വെ രണ്ടായി പിളര്‍ന്നു
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു
അങ്കാറ: തിങ്കളാഴ്ചയുണ്ടായ ശക്തമായ മൂന്ന് ഭൂകമ്പങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞിരിക്കുകയാണ് തുര്‍ക്കിയും സിറിയയും. 3800 ഓളം ആളുകളാണ് വിനാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഡസൻ കണക്കിന് തുടർചലനങ്ങൾ ഉണ്ടായി. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ നിന്നും മറ്റ് സംഘർഷങ്ങളിൽ നിന്നും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾ നിറഞ്ഞ പ്രദേശത്തെ പ്രധാന തുർക്കി നഗരങ്ങളുടെ മുഴുവൻ ഭാഗങ്ങളും പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഭൂകമ്പത്തിന്‍റെ ഫലമായി വിമാനത്താവളത്തിന്‍റെ റണ്‍വെ രണ്ടായ പിളര്‍ന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള റണ്‍വെയാണ് തകര്‍ന്ന് പൂര്‍ണമായും ഉപയോഗശൂന്യമായത്. റണ്‍വെയിലെ ടാര്‍മാര്‍ക്ക് രണ്ടായി പിളര്‍ന്നു. ഇതോടെ മുഴുവന്‍ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പം പതിറ്റാണ്ടുകൾക്ക് ശേഷമുള്ള തുർക്കിയിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഭൂകമ്പ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, തുര്‍ക്കിയില്‍ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഭൂചലനമാണ് ആദ്യത്തെ ഭൂകമ്പം.12 മണിക്കൂറിന് ശേഷം, റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. അതിന്‍റെ പ്രഭവകേന്ദ്രം കഹ്‌റമൻമാരാസ് പ്രവിശ്യയിലെ എൽബിസ്ഥാൻ ജില്ലയിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.രണ്ടാമത്തെ ഭൂകമ്പം തുടര്‍ചലനമായിരുന്നില്ലെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. കണ്‍മുന്നില്‍ വച്ച് നിമിഷനേരം കൊണ്ട് വീടുകള്‍ തകര്‍ന്നുവീഴുന്ന കാഴ്ചക്കാണ് തുര്‍ക്കി സാക്ഷ്യം വഹിച്ചത്. 2,000 വർഷത്തിലേറെ പഴക്കമുള്ള തുര്‍ക്കിയിലെ ഗാസിയാൻടെപ് കാസിൽ തകർന്ന കെട്ടിടങ്ങളിൽ ഉൾപ്പെടുന്നു.തുര്‍ക്കിയുടെ ഊര്‍ജ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാരംഭ ചലനത്തിന്‍റെ ആദ്യ 10 മണിക്കൂറിനുള്ളിൽ 50 ലധികം തുടർചലനങ്ങൾ ഉദ്യോഗസ്ഥർ കണക്കാക്കിയിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
Video: Massive Earthquake In Turkey Splits Airport Runway Into Two https://t.co/WuidfmJXTl pic.twitter.com/uMoZWzK4fT
— NDTV (@ndtv) February 6, 2023
യൂറോപ്യൻ യൂണിയൻ തുർക്കിയിലേക്ക് രക്ഷാദൗത്യ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ബിബിസി പറയുന്നു. നെതർലാൻഡ്‌സിൽ നിന്നും റൊമാനിയയിൽ നിന്നുമുള്ള രക്ഷാപ്രവർത്തകർ ഉടന്‍ തന്നെ ദുരന്തസ്ഥലത്ത് എത്തിച്ചേരും. 76 സ്പെഷ്യലിസ്റ്റുകളും ഉപകരണങ്ങളും റെസ്ക്യൂ ഡോഗുകളെയും അയക്കുമെന്ന് യുകെ അറിയിച്ചു. ഫ്രാൻസ്, ജർമ്മനി, ഇസ്രായേൽ, യുഎസ് എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കിയെയും സിറിയയെയും സഹായിക്കാൻ റഷ്യയും ഇറാനും സന്നദ്ധരായി രംഗത്തുണ്ട്.