ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിൽ കൂറ്റൻ റാലി
ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
ലണ്ടന്‍: ഫലസ്തീന്‍ ഐക്യദാർഢ്യവുമായി ലോകജനത. ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിൽ കൂറ്റൻ റാലി സംഘടിപ്പിച്ചു. ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
ഫലസ്തീൻ പതാകയേന്തി ആയിരങ്ങളാണ് ലണ്ടനിലെ റാലിയിൽ പങ്കെടുത്തത്. റാലിയിൽ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങി.
ലണ്ടന് പുറമെ വിവിധ ലോകനഗരങ്ങളിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനം തെരുവിലിറങ്ങി. ആസ്ത്രേലിയയിലെ സിഡ്നിയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് റാലി നടന്നു. വംശഹത്യ നേരിടുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പമെന്ന് ആവർത്തിച്ചായിരുന്നു റാലി. ന്യൂയോർക്കിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
മെക്സികോ സിറ്റിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ഇറ്റലിയിലെ മിലാനിലും ജനം ഫലസ്തീന് പിന്തുണയുമായി തെരുവിലിറങ്ങി. അതേസമയം വ്യോമാക്രമണം കൂടുതൽ കടുപ്പിക്കാൻ ഇസ്രായേൽ സൈന്യം തീരുമാനിച്ചതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. ഇന്നലെ മാത്രം 250ന് മുകളിലാണ് മരണം. അടിയന്തര വെടിനിർത്തലും ഗസ്സയിലക്ക് ഇന്ധനം കൈമാറണമെന്ന നിർദേശവും ഇസ്രായേൽ തള്ളി. ലബനാൻ, ഇസ്രായേൽ അതിർത്തിയിലും സംഘർഷം രൂക്ഷമായി.
വ്യോമാക്രമണം ഇരട്ടിയായി വർധിപ്പിക്കാനാണ് തീരുമാനമെന്ന് ഇസ്രായേൽ സൈനിക വക്താവ് വെളിപ്പെടുത്തി. കരയുദ്ധം ആരംഭിക്കാൻ അനുയോജ്യ സമയം കാത്തിരിക്കുകയാണെന്നും ഹമാസിന്റെ പ്രതിരോധം മറികടന്ന് വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.