ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വീഡനിൽ വൻ റാലി
ഇസ്രായേലിന്റെ ആണവായുധങ്ങൾ നശിപ്പിക്കാൻ യു.എൻ രക്ഷാസമിതിയും അന്താരാഷ്ട്ര ആണവോർജ സമിതിയും ഉടൻ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
സ്റ്റോക്‌ഹോം: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വീഡനിൽ വൻ റാലി. ഫലസ്തീൻ വർക്കേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്റ്റോക്‌ഹോമിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഇസ്രായേൽ അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. ഇന്നലെ രാത്രി നടന്ന വ്യാപക ആക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളുടെ മൃതദേഹങ്ങൾ ഗസ്സ സിറ്റിയിലെ തെരുവുകളിൽ കിടക്കുകയാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. റഫ അതിർത്തി വഴി നാല് ദിവസമായിട്ടും പരിക്കേറ്റവരെ ഈജിപ്തിലേക്ക് കൊണ്ടുപോകാനായിട്ടില്ല.
ഇസ്രായേലിന്റെ ആണവായുധങ്ങൾ നശിപ്പിക്കാൻ യു.എൻ രക്ഷാസമിതിയും അന്താരാഷ്ട്ര ആണവോർജ സമിതിയും ഉടൻ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഗസ്സ കീഴടക്കാൻ ആണവായുധവും ഒരു സാധ്യതയാണെന്ന് ഇസ്രായേൽ പൈതൃക വകുപ്പ് മന്ത്രി അമിഹൈ എലിയാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൽ ബറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. ഈ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ആണവശക്തി ഇല്ലാതാക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്.