84ാം വയസില്‍ നാലാം വിവാഹം; മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് ഭാര്യയുമായി വേര്‍പിരിയുന്നു

വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തതായി ന്യൂയോർക്ക് ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു

Update: 2022-06-23 06:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക്(91) നടി ജെറി ഹാളുമായി(65) വേര്‍പിരിയുന്നു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തതായി ന്യൂയോർക്ക് ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

ജെറിയുമായി മര്‍ഡോക്കിന്‍റെ നാലാം വിവാഹമായിരുന്നു. 2016 മാര്‍ച്ചിലാണ് 84കാരനായ മര്‍ഡോക്ക് അമേരിക്കന്‍ മോഡലും നടിയുമായ ജെറി ഹാളിനെ പങ്കാളിയാക്കുന്നത്. മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. റോക്ക് താരം മൈക്ക് ജാഗറുടെ കാമുകിയായിരുന്നു ജെറി ഹാള്‍. 20 വര്‍ഷം നീണ്ട ബന്ധം 1999ല്‍ പിരിഞ്ഞിരുന്നു. ഇവര്‍ക്ക് നാലുകുട്ടികളുണ്ട്. മര്‍ഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറുമക്കളാണുള്ളത്. ഓസ്‌ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ്. പൗരനാണ്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014ലാണ് മൂന്നാംഭാര്യ വെന്‍ഡി ഡെങ്ങുമായി പിരിഞ്ഞത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്.


സ്കോട്ടിഷ് മാധ്യമപ്രവര്‍ത്തകയായ അന്ന മര്‍ഡോക്ക് ആണ് റൂപര്‍ട്ടിന്‍റെ രണ്ടാം ഭാര്യ. 1999ലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇതില്‍ മൂന്നു കുട്ടികളുണ്ട്. ഫ്ലൈറ്റ് അറ്റൻഡര്‍ കൂടിയായ പട്രീഷ്യ ബുക്കറാണ് ആദ്യഭാര്യ. 1966ലാണ് മര്‍ഡോക്ക് ആദ്യഭാര്യയുമായി വേര്‍പിരിയുന്നത്. മര്‍ഡോക്കും നാലാം ഭാര്യ ജെറിയും വിവാഹത്തിനു മുന്‍പുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ടോ എന്നറിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2021 ആഗസ്തില്‍ ലണ്ടനിലെ ഒരു അത്താഴത്തില്‍ വച്ചാണ് മര്‍ഡോക്കിനെയും ജെറിയെയും അവസാനമായി പൊതുവേദിയില്‍ ഒരുമിച്ച് കണ്ടത്. ഒരേ കാറിലാണ് ഇരുവരും മടങ്ങിയത്.

വിവാഹമോചന വാര്‍ത്തകളോട് പ്രതികരിക്കാന്‍ മർഡോക്കിന്‍റെ വക്താവ് ബ്രൈസ് ടോം തയ്യാറായില്ല. ജെറിയുടെ വക്താവും പ്രതികരിച്ചില്ല. മൾട്ടിനാഷനൽ മീഡിയയായ ന്യൂസ് കോർപ്പറേഷന്‍റെ ചെയര്‍മാനാണ് മര്‍ഡോക്ക്. 91-കാരനായ മർഡോക്ക് ന്യൂസ് കോർപ്പറേഷനെയും ഫോക്സ് കോർപ്പറേഷനെയും നിയന്ത്രിക്കുന്നത് നെവാഡയിലെ റെനോ ആസ്ഥാനമായുള്ള ഫാമിലി ട്രസ്റ്റിലൂടെയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News