ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി; ബില്‍ഗേറ്റ്സിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ

മേയ് മാസത്തിൽ വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷമുള്ള മെലിന്‍ഡയുടെ ആദ്യ അഭിമുഖമാണിത്

Update: 2022-03-05 05:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

വിവാഹമോചനത്തിനു ശേഷം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്. ലൈംഗികാതിക്രമക്കേസിൽ വിചാരണ നേരിടുന്നതിനിടെ ജയിലില്‍ ആത്മഹത്യ ചെയ്ത യു.എസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായി ബില്‍ഗേറ്റ്സ് ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയതായി മെലിന്‍ഡ വ്യാഴാഴ്ച ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. മേയ് മാസത്തിൽ വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷമുള്ള മെലിന്‍ഡയുടെ ആദ്യ അഭിമുഖമാണിത്.

താനൊരിക്കല്‍ എപ്സ്റ്റീനെ കാണാനിടയായെന്നും അതൊരു പേടിസ്വപ്നമായി അവേശഷിക്കുകയാണെന്നും മെലിന്‍ഡ പറഞ്ഞു. ''ആരാണ് ആ മനുഷ്യന്‍ എന്നറിയാന്‍ ഞാന്‍ വാതില്‍ക്കലേക്ക് എത്തിനോക്കി. കണ്ട നിമിഷത്തെയോര്‍ത്ത് ഞാന്‍ ഖേദിക്കുന്നു'' മെലിന്‍ഡ പറയുന്നു. എന്നാല്‍ എന്നാണ് കൂടിക്കാഴ്ച നടന്നെന്ന് അവര്‍ വ്യക്തമാക്കിയില്ല. എപ്സ്റ്റീനെ വെറുപ്പുളവാക്കുന്ന, ദുഷ്ട വ്യക്തിത്വം എന്നാണ് മെലിന്‍ഡ വിശേഷിപ്പിച്ചത്. എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിക്കാന്‍ ബില്‍ഗേറ്റ്സിനോട് അഭ്യർത്ഥിച്ചിട്ടുണ്ടോ എന്ന് പറയാൻ അവർ വിസമ്മതിച്ചു. ''ബില്ലിന്‍റെ ബന്ധം എന്തായിരുന്നു എന്നതിനെക്കുറിച്ച് അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ബില്‍ ഉത്തരം നൽകണം. പക്ഷേ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് എന്താണ് കരുതിയിരിക്കുന്നത് എന്നതിന് ഞാന്‍ വ്യക്തമായ ഉത്തരം നല്‍കിക്കഴിഞ്ഞു'' മെലിന്‍ഡ കൂട്ടിച്ചേര്‍ത്തു. എപ്‌സ്റ്റീനുമായുള്ള ബില്‍ഗേറ്റ്സിന്‍റെ ബന്ധം വിവാഹമോചനത്തിൽ ഒരു പങ്കു വഹിച്ചിട്ടുണ്ടോ എന്ന സിബിഎസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അതും കാരണങ്ങളിലൊന്നാണ് എന്നായിരുന്നു മെലിന്‍ഡയുടെ മറുപടി.

27 വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷമായിരുന്നു ബില്‍ഗേറ്റ്സിന്‍റെയും മെലിന്‍ഡയുടെയും വേര്‍പിരിയല്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ''ഒരുപാട് ചിന്തകൾക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നുമായിരുന്നു'' ഇരുവരും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ വിചാരണ നേരിടുന്ന സമയത്താണ് എപ്സ്റ്റീന്‍ 2019 ആഗസ്തില്‍ ന്യൂയോര്‍ക്കിലെ ജയില്‍മുറിയില്‍ ജീവനൊടുക്കിയത്. 2001നും 2006നുമിടയില്‍ എണ്‍പതോളം കുട്ടികളെയാണ് ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. ലൈംഗിക അടിമകളാക്കുന്ന കുട്ടികളെ എപ്സ്റ്റീന്‍ മറ്റു പ്രമുഖര്‍ക്ക് കൈമാറിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News