നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്; ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ
120 ഓളം രാജ്യങ്ങളിൽ കാലുകുത്തിയാൽ നെതന്യാഹുവും യോവ് ഗാലന്‍റും അറസ്റ്റിലാകും
തെല്‍ അവിവ്: ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ. 120 ഓളം രാജ്യങ്ങളിൽ കാലുകുത്തിയാൽ നെതന്യാഹുവും യോവ് ഗാലന്‍റും അറസ്റ്റിലാകും. കോടതി നടപടി അംഗീകരിക്കുമെന്ന് ഇറ്റലിയും ഡെൻമാർക്കും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അറിയിച്ചു.
ഗസ്സയിൽ ആയിരങ്ങളുടെ കുരുതിയും ആശുപത്രി സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തുള്ള യുദ്ധകുറ്റങ്ങളും മുൻനിർത്തിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐസിസി പ്രീ-ട്രയൽ ചേംബർ ഒന്നിലെ മൂന്ന് ജഡ്ജിമാർ ഒറ്റക്കെട്ടായാണ് വാറണ്ട് കൈമാറാൻ തീരുമാനിച്ചത്.ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഹമാസ് നേതാവ് മുഹമ്മദ് ദഈഫിനും അറസ്റ്റ് വാറണ്ടുണ്ട്. ദഈഫിനെ കൊലപ്പെടുത്തിയതായി നേരത്തെ ഇസ്രായേൽ അറിയിച്ചിരുന്നു. ഗസ്സ നിവാസികൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിച്ച നടപടി കൂട്ടമരണങ്ങൾക്ക് ആക്കം കൂട്ടിയതായി കോടതി നിരീക്ഷിച്ചു. ആസൂത്രിത അതിക്രമങ്ങളും കൂട്ടക്കുരുതികളുമാണ് നെതന്യാഹുവും യോവ് ഗാലന്‍റും ഗസ്സയിൽ നടപ്പാക്കിയതെന്നും വിലയിരുത്തിയാണ് കോടതി നടപടി. ഐസിസി അംഗ രാജ്യങ്ങളിൽ ഇസ്രായേൽ നേതാക്കൾ എത്തിയാൽ അറസ്റ്റ് അനിവാര്യമാകും. തുടർന്ന് ഹേഗിലെ ഐസിസി ആസ്ഥാനത്ത് ഇവരെ വിചാരണ വിധേയമാക്കണം എന്നാണ് ചട്ടം.
എന്നാൽ ഇസ്രായേലും അമേരിക്കയും കോടതിയെ അംഗീകരിക്കാത്ത സാഹചര്യത്തിൽ തുടർ നടപടികൾ എളുപ്പമാകില്ല. കോടതിയുടെ സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കുന്ന തീരുമാനം നടപ്പാക്കുമെന്ന് ഇറ്റലിയും ഡെൻമാർക്കും പ്രതികരിച്ചു. കോടതി നടപടിയോടെ ആഗോളതലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടും. ഇസ്രായേൽ നേതാക്കൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച തീരുമാനത്തെ ഹമാസും ഫലസ്തീൻ കൂട്ടായ്മകളും സ്വാഗതം ചെയ്തു. അറബ്, മുസ്‍ലിം രാജ്യങ്ങളും നീക്കത്തെ പിന്തുണച്ചു. സെമിറ്റിക് വിരുദ്ധ നടപടിയെന്ന് ഇസ്രായേൽ വ്യക്തമാക്കി . അതിനിടെ, ഗസ്സയിൽ 13 മാസമായി ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 44,000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 44,056 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുക്കിടക്കുന്നുണ്ട്. ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെയും നൂറോളം പേർ കൊല്ലപ്പെട്ടു.