യു.എസിൽ പള്ളിക്കുള്ളിൽ ലഹരിക്കച്ചവടം നടത്തിയ പാസ്റ്റർ അറസ്റ്റിൽ
അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവം.
കണക്ടികട്ട്: പള്ളിക്കുള്ളിൽ ലഹരി വസ്തു ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്ത പാസ്റ്റർ അറസ്റ്റിൽ. അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവം. മെത്ത് വിഭാഗത്തിൽപ്പെട്ട ലഹരി വസ്തു കൈവശംവെക്കുകയും കച്ചവടം നടത്തുകയും ചെയ്ത 63-കാരനായ ഹെർബർട്ട് മില്ലർ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്.
പള്ളിയിലെ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ച് ഇടവക അംഗങ്ങളാണ് പൊലീസിന് രഹസ്യവിവരം നൽകിയത്. 'ബ്രേക്കിങ് ബാഡ്' എന്ന വെബ് സീരീസിനെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് പള്ളിയിൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള മെത്തും ദ്രാവക രൂപത്തിലാക്കിയ മെത്തും ഇത് കുത്തിവെക്കാനുള്ള സിറിഞ്ചും അടക്കമുള്ളവയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഹെർബർട്ട് മില്ലർ ഈ പള്ളിയുടെ ചുമതലയേൽക്കുന്നത്. അറസ്റ്റിന് പിന്നാലെ ഇയാളെ പള്ളിയുടെ ഔദ്യോഗിക പദവിയിൽനിന്നെല്ലാം നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ ഷെൽട്ടൺ എന്ന സ്ഥലത്തെ മെത്തോഡിസ്റ്റ് പള്ളിയിലെ പാസ്റ്ററായിരുന്നു മില്ലർ.