ഉ​ഗാണ്ടയിൽ സ്കൂളിൽ ഭീകരാക്രമണം; കുട്ടികളടക്കം 42 പേരെ തീയിട്ടും ബോംബിട്ടും വെട്ടിയും കൊലപ്പെടുത്തി

സായുധസംഘം രാത്രി കടന്നുകയറി ഡോർമിറ്ററികൾ കത്തിക്കുകയും വിദ്യാർഥികളെ കത്തികൊണ്ട് വെട്ടിവീഴ്ത്തുകയും ചെയ്തതായി അവർ വ്യക്തമാക്കി.

Update: 2023-06-17 12:59 GMT
Advertising

കാംപാല: ഉ​ഗാണ്ടയിൽ സ്കൂളിന് തീയിട്ടും ബോംബിട്ടും കത്തികൊണ്ട് ആക്രമണം നടത്തിയും ഭീകരർ. കുട്ടികളടക്കം 42 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ആറു പേരെ സംഘം തട്ടിക്കൊണ്ടുപോയി. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എ.ഡി.എഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയത്.

വെള്ളിയാഴ്ചയാണ് വെസ്റ്റ് ഉഗാണ്ടയിലെ കസെസെ ജില്ലയിലെ എംപോണ്ട്‌വെയിലെ ലുബിരിഹ സെക്കൻഡറി സ്കൂളിൽ ആക്രമണം നടന്നത്. സ്‌കൂളിലെ ഡോർമിറ്ററിയും സ്റ്റോർ റൂമും അക്രമികൾ അഗ്നിക്കിരയാക്കി. സ്‌കൂളിന് നേരെ ഇവർ ബോംബെറിയുകയും ചെയ്തു. അഞ്ചിലേറെ വരുന്ന അക്രമികളാണ് ആക്രമണം നടത്തിയത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സായുധ സംഘടനയാണ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. സായുധസംഘം രാത്രി കടന്നുകയറി ഡോർമിറ്ററികൾ കത്തിക്കുകയും വിദ്യാർഥികളെ കത്തികൊണ്ട് വെട്ടിവീഴ്ത്തുകയും ചെയ്തതായി അവർ വ്യക്തമാക്കി.

37 മൃതദേഹങ്ങൾ കണ്ടെത്തി ബ്വേര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി ഉഗാണ്ട പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് (യു.പി.ഡി.എഫ്) വക്താവ് ഫെലിക്സ് കുലായിഗ്യെ പ്രസ്താവനയിൽ പറഞ്ഞു. ആറ് പേരെ അക്രമികൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അതിർത്തിയിലെ വിരുംഗ നാഷണൽ പാർക്കിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം വിശദമാക്കി.

മരിച്ചവരിൽ 39 പേർ വിദ്യാർഥികളാണെന്നും അക്രമികൾ രക്ഷപെടും മുമ്പ് നടത്തിയ ബോംബാക്രമണത്തിലാണ് ഇവരിൽ 17 പേർ കൊല്ലപ്പെട്ടതെന്നും സർക്കാർ നടത്തുന്ന ന്യൂ വിഷൻ പത്രം റിപ്പോർട്ട് ചെയ്തു. 22 കുട്ടികൾ തീവെപ്പിലും കത്തി കൊണ്ടുള്ള ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് നാട്ടുകാരും ഒരു സുരക്ഷാ ജീവനക്കാരനും ഉൾപ്പെടുന്നു.

അക്രമികൾ ഒരു ഡോർമിറ്ററി കത്തിക്കുകയും ഭക്ഷണം കൊള്ളയടിക്കുകയും ചെയ്തുവെന്ന് പൊലീസും സൈന്യവും പറഞ്ഞു. പെൺകുട്ടികളുടെ ഡോർമിറ്ററിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. അതിനാൽ പെട്ടെന്ന് അക്രമികളുടെ കണ്ണിൽപ്പെടുകയും അവരെ കൊല്ലുകയുമായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News