ഒമിക്രോണില്‍ നിലതെറ്റി ലണ്ടനിലെ ആശുപത്രികള്‍; പ്രതിസന്ധി പരിഹരിക്കാന്‍ ഡോക്ടര്‍മാരായി സൈനികരും

40 സൈനികഡോക്ടർമാർക്ക് പുറമെ 160 സാധാരണ സൈനികരെയാണ് പ്രതിരോധ മന്ത്രാലയം അടുത്ത മൂന്ന് ആഴ്ചത്തേക്കായി ആശുപത്രികളിലേക്ക് അയച്ചത്

Update: 2022-01-07 13:59 GMT
Editor : Shaheer | By : Web Desk
Advertising

ബ്രിട്ടനിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒമിക്രോൺ വകഭേദം കൂടി പിടിമുറുക്കിയതോടെ രോഗികളുടെ എണ്ണം ഇരട്ടിയായി ആശുപത്രികളിൽ നിറഞ്ഞൊഴുകുന്നു. ഇതിനിടെ രോഗികളെ പരിചരിക്കാൻ മതിയായ ഡോക്ടർമാരും നഴ്‌സുമാരുമില്ലാതെ പ്രതിസന്ധിയിലായ ആശുപത്രികളിലേക്ക് സൈനികരെ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം.

ലണ്ടനിലെ നാഷനൽ ഹെൽത്ത് സർവീസ്(എൻഎച്ച്എസ്) ആശുപത്രികളിലാണ് ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് സൈന്യത്തെ ഇറക്കിയത്. 200 സൈനികരെയാണ് ലണ്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ചുമതലയേൽപ്പിച്ചിരിക്കുന്നത്. 40 സൈനിക ഡോക്ടർമാർക്ക് പുറമെ 160 സാധാരണ സൈനികരെയുമാണ് പ്രതിരോധ മന്ത്രാലയം അടുത്ത മൂന്ന് ആഴ്ചത്തേക്കായി ആശുപത്രികളിലേക്ക് അയച്ചത്.

ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചതോടെയാണ് ആശുപത്രികളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യപ്രവർത്തകരും വലിയ തോതിൽ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാൻ നിർബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

കഴിഞ്ഞ ഡിസംബർ ആദ്യവാരം ആശുപത്രികളിൽ 1,100 കോവിഡ് രോഗികളുണ്ടായിരുന്നത് നിലവിൽ 4,000മായാണ് കുതിച്ചുയർന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ തന്നെ പുതിയ വകഭേദത്തെ തുടച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ വൻ പ്രതിസന്ധി രൂപപ്പെട്ടത്.

കഴിഞ്ഞ ദിവസം മാത്രം 1,79,756 കോവിഡ് കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 12.72 ലക്ഷം കടന്നിരിക്കുകയാണ്. യഥാർത്ഥ കണക്ക് ഇതിനും മുകളിലായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Summary: The Armed Forces have sent 200 personnel into NHS hospitals across London due to Omicron staff shortages

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News