കിയവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും
യുക്രൈനിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യൻ പൗരന്മാർ മടങ്ങി
കിയവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കാരുടെ രക്ഷാ ദൗത്യത്തിന് സഹായം നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങൾക്ക് നന്ദി അറിയിച്ചു. അതിനിടെ ഇന്നലെ യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും. യുക്രൈനിലെ പടിഞ്ഞാറൻ മേഖലയിലേക്ക് കിയവിലെ മുഴുവൻ ഇന്ത്യക്കാരെയും മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. യുക്രൈനിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യൻ പൗരന്മാർ മടങ്ങി. സംഘർഷം രൂക്ഷമായ ഖാർക്കിവിലെ ഒഴിപ്പിക്കൽ നടപടിക്കാണ് മുൻഗണനയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, കിയവിലെ ഇന്ത്യൻ എംബസി താത്കാലികമായി അടച്ചു. ഉദ്യോഗസ്ഥരെ ലിവിവിലേക്ക് മാറ്റും. കിയവിലെ അതിഗുരുതരമായ സാഹചര്യത്തെ തുടർന്നാണ് നടപടി. യുക്രൈനിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മൂന്ന് ദിവസങ്ങളിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി 23 വിമാനങ്ങൾ സർവീസ് നടത്തും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് സഹായങ്ങൾ നൽകുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും പോളണ്ട് പ്രസിഡന്റ് ആൻഡ്രേ ഡൂഡയ്ക്കും നന്ദി അറിയിച്ചു.