വസ്ത്രം അഴിപ്പിച്ച് ശരീരപരിശോധന, ഫോട്ടോയെടുക്കാൻ നിർബന്ധിച്ചു; മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ സംഘാടകർക്കെതിരെ ലൈംഗികാരോപണം
മത്സരാർത്ഥികളുടെ ലൈംഗികാതിക്രമ ആരോപണങ്ങളെ തുടർന്ന് ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള കരാർ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ അവസാനിപ്പിച്ചു
മത്സരാർത്ഥികളുടെ ലൈംഗികാതിക്രമ ആരോപണങ്ങളെ തുടർന്ന് ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള കരാർ അവസാനിപ്പിച്ച് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ (MOU). ജക്കാർത്തയിൽ നടന്ന മത്സരത്തിന്റെ കിരീടധാരണ ചടങ്ങ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. പോപ്പി കപെല്ല ഡയറക്ടറായ ബ്യൂട്ടി കമ്പനി പി ടി കാപ്പെല്ല സ്വസ്തിക കാര്യയുടെ കീഴിലുള്ള ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഔദ്യോഗിക പ്രസ്താവനയിറക്കി.
ഇന്തോനേഷ്യൻ ഫ്രാഞ്ചൈസി തങ്ങളുടെ ബ്രാൻഡ് നിലവാരത്തിനോ ധാർമ്മികതയ്‌ക്കോ അനുസൃതമായി പ്രവർത്തിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് നടപടിയെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു. സൗന്ദര്യമത്സരം നടത്താനുള്ള ലൈസൻസ് പിടി കപെല്ല സ്വസ്തിക കാര്യയുടെ കൈവശമുള്ളതിനാൽ ഈ വർഷത്തെ മിസ് യൂണിവേഴ്സ് മലേഷ്യ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
എങ്കിലും, ജക്കാർത്തയിൽ മിസ് യൂണിവേഴ്‌സായി കിരീടമണിഞ്ഞ ഫാബിയെൻ നിക്കോൾ ഗ്രോനെവെൽഡിനെ EI സാൽവഡോറിൽ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ഫൈനലിൽ പങ്കെടുപ്പിക്കുന്നതിന്റെ ക്രമീകരണങ്ങൾ നടത്തുമെന്നും മിസ് യൂണിവേഴ്സിന്റെ ആഗോള സംഘാടകർ പറഞ്ഞു.
ആറ് മത്സരാർത്ഥികളാണ് ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിക്കെതിരെ ലൈംഗിക പരാതിയുമായി രംഗത്തെത്തിയത്. ജക്കാർത്തയിലെ കിരീടധാരണത്തിന് രണ്ട് ദിവസം മുൻപ് ശരീരപരിശോധനയെന്ന പേരിൽ മുപ്പതോളം മത്സരാർത്ഥികളെ വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയെന്നും ടോപ്പില്ലാതെ ഫോട്ടോയെടുത്തുവെന്നുമാണ് ആരോപണം. ശരീരത്തിൽ പാടുകളോ ടാറ്റുവോ ഉണ്ടോയെന്ന് പരിശോധിക്കാനെന്ന പേരിലായിരുന്നു അതിക്രമമെന്നാണ് മത്സരാർത്ഥികൾ പറയുന്നത്.
ഈ സമയം പുരുഷന്മാർ ഉൾപ്പടെ മുറിയിൽ ഉണ്ടായിരുന്നുവെന്നും വാതിൽ അടച്ചിരുന്നില്ലെന്നും മത്സരാർത്ഥികളുടെ പരാതിയിൽ പറയുന്നു. ശരീരപരിശോധന മത്സരത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല, എന്നിട്ടും നിർബന്ധിച്ച് പരിശോധനക്ക് വിധേയരാക്കുകയായിരുന്നുവെന്നും മത്സരാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ പൊലീസും മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ അസോസിയേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഒരു തരത്തിലുള്ള ലൈംഗികാതിക്രമങ്ങളെയും സംഘടന അംഗീകരിക്കുന്നില്ലെന്ന് ആരോപണത്തിന് പിന്നാലെ PT കാപ്പെല്ല സ്വസ്തിക കാര്യയുടെ ഡയറക്ടർ പോപ്പി കപെല്ല സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
"ദേശീയ ഡയറക്ടർ എന്ന നിലയിലും മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ ലൈസൻസിന്റെ ഉടമ എന്ന നിലയിലും ഞാൻ ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടില്ല, മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ 2023 പ്രക്രിയയിൽ പങ്കെടുത്ത ആരെയും ബോഡി ചെക്കപ് നടത്താൻ ഉത്തരവിട്ടിട്ടില്ല": പോപ്പി കപെല്ല വ്യക്തമാക്കി. പരാതിക്കാരെ ചോദ്യം ചെയ്ത ജക്കാർത്ത പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.