വറ്റിവരണ്ട് മിസിസിപ്പി നദി; ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച

ഇത് പ്രദേശത്തെ കൃഷി,വ്യവസായം എന്നിവയെ സാരമായി ബാധിക്കുന്നുണ്ട്

Update: 2022-10-27 02:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടണ്‍: അമേരിക്കയിലെ രണ്ടാമത്തെ വലിയ നദിയായ മിസിസിപ്പി നദി വറ്റിവരണ്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നദി നേരിട്ടുകൊണ്ടിരിക്കുന്നത്. മിസിസിപ്പിയിലെ ജലനിരപ്പ് താഴ്ന്ന നിലയിലുള്ള വിവിധ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് പ്രദേശത്തെ കൃഷി,വ്യവസായം എന്നിവയെ സാരമായി ബാധിക്കുന്നുണ്ട്.

ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നതിനാല്‍ നദിയുടെ നടുവിലുള്ള ദ്വീപായ ടവര്‍ റോക്കിലേക്ക് നടന്നുപോകാന്‍ പറ്റുന്ന സാഹചര്യമാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണൽ വെതർ സർവീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഈ ആഴ്ച ആദ്യം നദി മൈനസ്-10.75 അടിയായി കുറഞ്ഞു. ഇത് മെംഫിസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും താഴ്ന്ന നിലയാണ്. മിസിസിപ്പിയുടെ പോഷകനദികളും വറ്റിവരണ്ടിട്ടുണ്ട്. യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സ് (യുഎസ്എസിഇ) നദിയുടെ ആഴം കൂട്ടാൻ അടിയന്തര ഡ്രെഡ്ജിംഗ് ആരംഭിച്ചു. ഒക്ടോബര്‍ 7 മുതലുള്ള നദിയുടെ ഉപഗ്രഹ ചിത്രം നാസ എര്‍ത്ത് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. നദിയുടെ വരള്‍ച്ച ഇതില്‍ വ്യക്തമാണ്. "മിസിസിപ്പി നദിയിലെ താഴ്ന്ന ജലനിരപ്പ് നദിയിലൂടെ ചരക്കുകൾ കയറ്റി അയക്കുന്നത് പ്രയാസകരമാക്കുകയും ഉപ്പുവെള്ളത്തിന്‍റെ ഒരു ഭാഗം മുകളിലേക്ക് നീങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു'' നാസ ട്വീറ്റ് ചെയ്തു.

134 ദശലക്ഷത്തിലധികം ആളുകളെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്. ഇത് 2016 ന് ശേഷമുള്ള ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ശതമാനമാണെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. നദിയുടെ പുതിയ തീരത്ത് മനുഷ്യാവശിഷ്ടങ്ങളും 200 വർഷം മുന്‍പുള്ള ഒരു കപ്പൽ തകർച്ചയും വെളിപ്പെടുത്തുന്ന തരത്തിൽ വെള്ളം കുറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. മിസോറിയിൽ, ആളുകൾ വരണ്ടതും തുറന്നതുമായ നദീതടത്തിലൂടെ സാധാരണയായി ബോട്ടിൽ മാത്രം എത്തിച്ചേരാവുന്ന ദ്വീപിലേക്ക് നടന്നുപോകുന്ന കാഴ്ചയാണ് കാണുന്നത്.

മിസിസിപ്പി നദി മിനസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തിൽ നിന്നും ഉത്ഭവിച്ച് ഗൾഫ് ഓഫ് മെക്സിക്കോയില്‍ പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് ഒബിവെ ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്‌ ഈ പേരു ലഭിച്ചത്. മിസോറി നദി , ആർക്കൻസാസ് നദി , ഒഹയോ നദി എന്നിവയാണ് മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News