ജോർജിയ മെലോണിയുടെ ഉയരത്തെ പരിഹസിച്ചു; മാധ്യമപ്രവർത്തകയ്ക്ക് 5,000 യൂറോ പിഴ

നഷ്ടപരിഹാരതുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് മെലോണിയുടെ അഭിഭാഷകൻ പറഞ്ഞു

Update: 2024-07-18 12:50 GMT
Advertising

മിലാൻ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സമൂഹമാധ്യമ പോസ്റ്റിൽ പരിഹസിച്ചതിന് മാധ്യമപ്രവർത്തകയ്ക്ക് പിഴ. 5,000 യൂറോ നഷ്ടപരിഹാരം നൽകാൻ മിലാൻ കോടതിയാണ് ഉത്തരവിട്ടത്. 2021ൽ മെലോണിയുടെ ഉയരത്തെക്കുറിച്ച് ട്വിറ്ററിൽ പരിഹസിച്ചതിനാണ് മാധ്യമപ്രവർത്തകയായ ജിയൂലിയ കോർട്ടെസിക്ക് പിഴ വിധിച്ചത്. ഇരുവരും സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് മെലോണി നിയമനടപടി സ്വീകരിക്കുകയായിരുന്നു.

അന്തരിച്ച ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസ്സോളിനിയുടെ പശ്ചാത്തലത്തിൽ മെലോണിയുടെ ചിത്രം പരിഹാസരീതിയിൽ കോർട്ടീസ് പോസ്റ്റ് ചെയ്തിരുന്നു. ഈ സമയം മെലോണിയുടെ പാർട്ടി പ്രതിപക്ഷത്തായിരുന്നു. 'നിങ്ങൾക്ക് 1.2 മീറ്റർ (4 അടി) മാത്രമേ ഉയരമുള്ളൂ, എനിക്ക് നിങ്ങളെ കാണാൻ പോലും കഴിയില്ല' എന്നുൾപ്പടെയുള്ള ട്വീറ്റുകളും മാധ്യമപ്രവർത്തക പങ്കുവെച്ചു.

ശിക്ഷയ്‌ക്കെതിരെ കോർട്ടെസിന് അപ്പീൽ നൽകാം. ലഭിക്കുന്ന നഷ്ടപരിഹാരതുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് മെലോണിയുടെ അഭിഭാഷകൻ പറഞ്ഞു. മുമ്പും മെലോണി മാധ്യമപ്രവർത്തകരെ കോടതി കയറ്റിയിട്ടുണ്ട്. 2021-ൽ ഒരു ടിവി അവതരണത്തിനിടെ അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള മെലോണിയുടെ കടുത്ത നിലപാടിനെ വിമർശിച്ചതിന് കഴിഞ്ഞ വർഷം ഒരു എഴുത്തുകാരന് റോം കോടതി 1,000 യൂറോ പിഴ ചുമത്തിയിരുന്നു.

ഇറ്റാലിയൻ ബ്രോഡ്കാസ്റ്ററായ 'റായി'യിലെ മാധ്യമപ്രവർത്തകർ മെലോണിയുടെ സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രതിഷേധിച്ച് മെയ് മാസത്തിൽ പണിമുടക്കിയിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News