മാലദ്വീപ് പാർലമെന്റ് തെരഞ്ഞടുപ്പിൽ മുഹമ്മദ് മുയിസുവിന്റെ പാർട്ടിയ്ക്ക് റെക്കോര്‍ഡ് വിജയം

മുയിസു ഭരണകൂടവും ഇന്ത്യയും തമ്മില്‍ ഉടലെടുത്ത നയതന്ത്രപ്രശ്നം തെരഞ്ഞടുപ്പിൽ പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു

Update: 2024-04-22 01:37 GMT
Editor : Shaheer | By : Web Desk
Advertising

മാലെ: മാലദ്വീപ് പാർലമെന്റ് തെരഞ്ഞടുപ്പിൽ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയ്ക്ക് വൻ വിജയം. ആകെയുള്ള 93 സീറ്റിൽ 66 സീറ്റിലും മുയിസിന്റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസ് വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് പി.എൻ.സി.

വിജയം പ്രഖ്യാപിച്ച 86ൽ 66 സീറ്റിൽ തകർപ്പൻ വിജയമാണ് പാര്‍ട്ടി നേടിയിരിക്കുന്നത്. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് വലിയ തിരിച്ചടിയാണു തെരഞ്ഞെടുപ്പില്‍ നേരിട്ടത്. 15 സീറ്റിൽ താഴെ നേടാനേ ഈ പാർട്ടികൾക്കായുള്ളൂ. ബാക്കിയുള്ള ഇടങ്ങളിൽ സ്വതന്ത്രരും മറ്റു പാർട്ടികളുമാണ് ലീഡ് ചെയ്യുന്നത്. ആകെ 2,84,663 വോട്ടർമാരിൽ 2,07,693 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ചൈനാ അനുകൂല രാഷ്ട്രീയക്കാരനായാണ് പൊതുവെ മുയിസു അറിയപ്പെടുന്നത്. ഇന്ത്യയുമായുള്ള നയതന്ത്രപ്രശ്നം തെരഞ്ഞടുപ്പിൽ പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. മുയിസു മന്ത്രിസഭയിലെ അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതും തുടർന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതും വലിയ വിവാദമായിരുന്നു. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ മുയിസു ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ ചൈനയുമായി വിവിധ കരാറുകളിൽ ഏർപ്പെട്ട് നയതന്ത്രബന്ധം ശക്തമാക്കുകയും ചെയ്തു അദ്ദേഹം. മാലദ്വീപ്-ഇന്ത്യ പ്രശ്നനത്തിൽ ഇന്ത്യയെ പിന്തുണച്ച മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കേറ്റ തിരിച്ചടി മുയിസുവിന്‍റെ ചൈനാ സഹകരണം ശക്തമാക്കാന്‍ ഇടയാക്കുമെന്നുറപ്പാണ്.

Summary: The People's National Congress, the party of President Mohamed Muizzu, has won a landslide victory in the Maldives parliamentary elections.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News