തിങ്കളാഴ്ച അത്ര നല്ലതല്ല; ആഴ്ചയിലെ ഏറ്റവും മോശം ദിവസം: പ്രഖ്യാപനവുമായി ഗിന്നസ് ലോകറെക്കോഡ്

ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഖ്യാപനമെന്നതും ഏറെ കൗതുകമുണർത്തി

Update: 2022-10-19 03:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലണ്ടന്‍: സ്കൂള്‍ കാലഘട്ടത്തിലെ ഏറ്റവും നല്ല ദിവസമെന്ന് പറഞ്ഞാല്‍ വെള്ളിയാഴ്ചയായിരുന്നു. ശനിയും ഞായറും ക്ലാസില്ലല്ലോ എന്ന സന്തോഷത്തിലാണ് നമ്മളില്‍ പലരും വീട്ടിലെത്തിയിരുന്നത്. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ചയാകുമ്പോള്‍ ആ സന്തോഷമൊക്കെ പോകും. പിന്നെ സ്കൂളില്‍ പോകണ്ടേ എന്ന വിഷമമാണ്. ജോലിയുള്ളവരാണെങ്കിലും ഈ അവസ്ഥ തന്നെയാണ്. അങ്ങനെ തിങ്കളാഴ്ചയെ ശപിച്ചുകൊണ്ടായിരിക്കും ഭൂരിഭാഗം പേരും തൊഴിലിടങ്ങളിലെത്തുന്നത്. ഗിന്നസ് ലോകറെക്കോഡിനും തിങ്കളാഴ്ചയെക്കുറിച്ച് ഈ അഭിപ്രായം തന്നെയാണ്.

തിങ്കളാഴ്ച്ച ആഴ്ചയിലെ ഏറ്റവും മോശം ദിവസമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് ലോക റെക്കോർഡ്. ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഖ്യാപനമെന്നതും ഏറെ കൗതുകമുണർത്തി. ''ഞങ്ങള്‍ തിങ്കളാഴ്ചക്ക് ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന റെക്കോഡ് നല്‍കുന്നു'' ഗിന്നസ് ലോക റെക്കോഡ് ട്വിറ്ററില്‍ കുറിച്ചു. ആളുകളുടെ മനസ് കണ്ടറിഞ്ഞതു പോലെയുള്ള റെക്കോഡെന്നാണ് ഉപയോക്താക്കള്‍ പ്രതികരിച്ചത്. വീഡിയോ ഗെയിമും ആനിമേറ്റഡ് മൂവി കഥാപാത്രവുമായ 'റെഡ് ദ ആംഗ്രി ബേർഡ്' എന്നതിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നാണ് ആദ്യ കമന്‍റ് പ്രത്യക്ഷപ്പെടുന്നത്. 'നിങ്ങളതിന് ഇത്രയും സമയമെടുത്തു' എന്നായിരുന്നു ട്വീറ്റ്. 'എനിക്കറിയാം..ശരിയല്ലേ' എന്നായിരുന്നു ഗിന്നസിന്‍റെ മറുപടി.

"ഇക്കാരണത്താൽ ഞാൻ തിങ്കളാഴ്ചകളിൽ അവധി എടുക്കുന്നു." എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 'തിങ്കളാഴ്ച മറ്റേതൊരു ദിവസം പോലെയാണ് എനിക്ക് തോന്നാറുള്ളത്. ഒരുപക്ഷേ ഞാന്‍ സ്കൂളില്‍ പോകാത്തതു കൊണ്ടാകാം' മറ്റൊരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു. "ഞായറാഴ്ച വൈകുന്നേരത്തെ ആ വികാരം തിങ്കളാഴ്ച രാവിലെയെക്കാൾ വളരെ മോശമാണ്" ,"തിങ്കളാഴ്‌ചയാണ് ഏറ്റവും നല്ല ദിവസം. ഒരു പുതിയ തുടക്കം ലഭിക്കുന്നത് എനിക്ക് എപ്പോഴും നല്ലതായി തോന്നുന്നു." എന്നിങ്ങനെയാണ് വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് പലരും പ്രകടിപ്പിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News