ലോകത്ത് കുരങ്ങു വസൂരി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു
അമേരിക്ക,ബ്രിട്ടൻ, ആസ്ട്രേലിയ,ജർമനി,ബെൽജിയം,ബ്രസീൽ എന്നി രാജ്യങ്ങളിലാണ് കൂടുതൽ രോഗികൾ.
ലോകത്ത് കുരങ്ങു വസൂരി ബാധിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ആഫ്രിക്കൻ രാജ്യങ്ങളുടെ പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു.ബ്രസീലിൽ കഴിഞ്ഞ ദിവസങ്ങളിൽ 1000 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ആഫ്രിക്കക്ക് പുറത്ത് 77ൽ അധികം രാജ്യങ്ങളിലായി 20658 കുരങ്ങു വസൂരി കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. അമേരിക്ക,ബ്രിട്ടൻ, ആസ്ട്രേലിയ,ജർമനി,ബെൽജിയം,ബ്രസീൽ എന്നി രാജ്യങ്ങളിലാണ് കൂടുതൽ രോഗികൾ.അമേരിക്കയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഗപ്പെടുത്തുന്നത്.4600 കേസുകളാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്. സാൻസ്ഫ്രാൻസിസ്ക്കോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബ്രസീലിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞദിവസം രോഗം ബാധിച്ച് ഒരു മരണം ബ്രസീലിൽ റിപ്പോർട്ട് ചെയ്തു.കോമൺവെൽത്ത് ഗെയിംസിന്‍റെ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്നത്.കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയാണ്.ഫിലിപ്പീന്‍സിലും കുരങ്ങു വസൂരി സ്ഥിരീകരിച്ചു. ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്. എന്നാൽ കർശന ജാഗ്രത തുടരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുരങ്ങുവസൂരിക്കെതിരായ വാക്സിൻ നിർമാണത്തിനായി രാജ്യത്തെ മരുന്നു കമ്പനികളെ ക്ഷണിച്ച് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും രംഗത്തെത്തിയിട്ടുണ്ട്.