ഇന്ത്യയ്‌ക്കൊപ്പം തായ്‌വാനും; ഓക്സിജൻ കോൺസെൻട്രേറ്ററുകള്‍ അയക്കും 

വരുംദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യും.

Update: 2021-04-29 08:36 GMT
Advertising

കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി കൂടുതല്‍ ലോക രാജ്യങ്ങള്‍ ചേരുന്നു. അടുത്ത ദിവസങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്‌വാനും ഉറപ്പുനൽകി. 

"കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ തായ്‌വാൻ പ്രതിജ്ഞാബദ്ധരാണ്. ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ കയറ്റുമതി ഈ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ചൈന എയർലൈൻസ് വിമാനത്തിൽ പുറപ്പെടും," തായ്‌വാൻ ഉപ വിദേശകാര്യ മന്ത്രി മിഗുവൽ സാവോ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്കുള്ള സഹായങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 120 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ബ്രിട്ടനിൽനിന്ന് ഇന്ന് രാവിലെ ഇന്ത്യയിലെത്തിയത്. ഒരു മിനിറ്റില്‍ 500 ലിറ്റർ ശേഷിയുള്ള മൂന്ന് ഓക്സിജൻ ഉൽപ്പാദന യൂനിറ്റുകൾ അയക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്. 

ഓക്സിജന്‍ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യയിൽനിന്ന് രണ്ടു വിമാനങ്ങളും ഇന്ത്യയിലെത്തി. 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അമേരിക്കന്‍ സഹായങ്ങളും ഇന്നെത്തും. കഴിഞ്ഞദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി സഹായങ്ങളാണ് ഇന്ത്യയെ തേടിയെത്തിയത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News