'മുസ്‌ലിം അഭിനേതാക്കൾ ഒരു ശതമാനം മാത്രം'; ഹോളിവുഡിലെ വിവേചനം ചൂണ്ടിക്കാട്ടി മലാല

എക്‌സ്ട്രാകരിക്യുലർ എന്ന പേരിൽ സ്വന്തമായി പ്രൊഡക്ഷൻ ഹൗസുമായി ചലച്ചിത്ര, ടെലിവിഷൻ മേഖലയിലും സജീവമാകുകയാണ് മലാല

Update: 2022-09-29 16:01 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ഹോളിവുഡിൽ നിലനിൽക്കുന്ന വംശീയ വിവേചനം ചൂണ്ടിക്കാട്ടി നൊബേൽ ജേതാവ് മലാല യൂസുഫ് സായ്. ജനപ്രിയ ടെലിവിഷൻ പരമ്പരകളിലെ അഭിനേതാക്കളിൽ ഒരു ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളതെന്ന് മലാല വിമർശിച്ചു. യു.എസ് വിനോദ ചാനലായ ലൈഫ്‌ടൈമിന്റെ 'വെറൈറ്റീസ് പവർ ഓഫ് വുമൺ' ചടങ്ങിൽ സംസാരിക്കുകയായിരുന്നു മലാല.

''ഹോളിവുഡ് ചിത്രങ്ങളിലെ നായകരായുള്ള എന്നെപ്പോലുള്ള ഏഷ്യൻ വംശജർ നാലു ശതമാനത്തിനും താഴെയാണുള്ളതെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. മുസ്‌ലിം ജനസംഖ്യ 25 ശതമാനമാണ്. എന്നാൽ, ജനപ്രിയ ടെലിവിഷൻ പരമ്പരകളിൽ ഒരു ശതമാനം മാത്രമാണ് മുസ്‌ലിം അഭിനേതാക്കളുള്ളത്.''-മലാല ചൂണ്ടിക്കാട്ടി. ചടങ്ങിൽ അമേരിക്കൻ പാരഡി ഡോക്യു പരമ്പരയായ 'അബോട്ട് എലമെന്ററി' സംവിധായിക ക്വിന്റ ബ്രൻസൻ മലാലയ്ക്ക് വെറൈറ്റി പവർ ഓഫ് വുമൺ ആദരം സമർപ്പിച്ചു.

എക്‌സ്ട്രാകരിക്യുലർ എന്ന പേരിൽ സ്വന്തമായി പ്രൊഡക്ഷൻ ഹൗസുമായി ചലച്ചിത്ര, ടെലിവിഷൻ മേഖലയിലും അരങ്ങേറ്റം കുറിക്കുകയാണ് മലാല. ഏഷ്യൻ വംശജരായ വനിതകൾ, നവാഗതരായ തിരക്കഥാകൃത്തുക്കളും മുസ്‌ലിം സംവിധായകരും അടക്കമുള്ളവരെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എക്‌സ്ട്രാകരിക്യുലാറിന് തുടക്കമിട്ടിരിക്കുന്നതെന്ന് മലാല പറഞ്ഞു. പലതരത്തിലുള്ള കാഴ്ചപ്പാടുകളും അവതരിപ്പിക്കാനും സമൂഹത്തിൽ നിലനിൽക്കുന്ന വാർപ്പുമാതൃകകൾ പൊളിക്കാനും ഇതുവഴി കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

ഡോക്യുമെന്ററി, ഹാസ്യചിത്രങ്ങൾ, ആനിമേഷൻ-ചിൽഡ്രൻസ് സീരീസ്, നാടകങ്ങൾ തുടങ്ങി വമ്പൻ പദ്ധതികളുമായാണ് മലാല എത്തുന്നത്. ഇതിന്റെ ഭാഗമായി ആപ്പിൾ ടി.വി പ്ലസുമായി കഴിഞ്ഞ വർഷം മലാല കരാറിൽ ഒപ്പുവച്ചിരുന്നു. ഓസ്‌കർ ജേതാവായ ആഡം മക്കേയുടെ നിർമാണ കമ്പനിയുടെ ഒരു ഫീച്ചർ ചിത്രത്തിന്റെ ഭാഗമായും 25കാരി എത്തുന്നുണ്ട്.

Summary: Muslim actors only make up 1% of popular TV series leads: Malala Yousafzai slams Hollywood on 'Asian representation'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News