എന്റെ പാട്ടുകൾ രോഗികളായി വേദനിക്കുന്നവർക്ക് സമാശ്വാസമാണ്, അത്രമാത്രം അവരത് ആസ്വദിക്കുന്നു; സന്നദ്ധപ്രവർത്തകർക്കുള്ള സോവറിൻ മെഡൽ ലഭിച്ച ജോർജ് ലിന്റൺ
പതിറ്റാണ്ടുകളായി ടൊറന്റോ ഏരിയ ആശുപത്രികളിലെ രോഗികൾക്കായി പാട്ടു പാടുകയാണ് അദ്ദേഹം
''ജീവിതത്തിൽ വലിയ സന്തോഷം ലഭിക്കാത്ത എത്രയെത്ര രോഗികളാണെന്നറിയോ എന്റെ സംഗീതം ആസ്വദിക്കുന്നത്. എന്റെ സംഗീതം അവർ ആസ്വദിക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്''. സന്നദ്ധപ്രവർത്തകർക്കുള്ള സോവറിൻ മെഡൽ ലഭിച്ച 96 കാരനായ ജോർജ്ജ് ലിന്റണിന്റെ വാക്കുകളാണിത്. കഴിഞ്ഞ മാസം, ഗവർണർ ജനറൽ അദ്ദേഹത്തിന് സന്നദ്ധപ്രവർത്തകർക്കുള്ള സോവറിൻ മെഡൽ നൽകി ആദരിക്കുകയുണ്ടായി.
പതിറ്റാണ്ടുകളായി ടൊറന്റോ ഏരിയ ആശുപത്രികളിലെ രോഗികൾക്കായി പാട്ടു പാടുകയാണ് അദ്ദേഹം. ജീവിതത്തിൽ ഒട്ടും സന്തോഷം ലഭിക്കാത്ത, വേദന മാത്രം സഹിച്ച് ഓരോ ദിനവും നീക്കുന്ന രോഗികൾക്ക് തന്റെ പാട്ടുകൾ ആശ്വസകരമാകുമെങ്കിൽ അതാണ് ജോർജ്ജ് ലിന്റണിന്റെ സന്തോഷം. 10 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി പാടി തുടങ്ങുന്നത്. റേഡിയോയിലൂടെ പാട്ടുകൾ നിരന്തരം കേൾക്കുമായിരുന്നു. സംഗീതത്തോടുള്ള അഭിനിവേശം കൊണ്ട് പിന്നീട് മാൻഡോലിൻ, ബാഞ്ചോ, വയലിൻ, ഗിറ്റാർ എന്നിവയും പടിച്ചെടുത്തു. രോഗികൾക്കും ആശുപത്രി ജീവനക്കാർക്കുമായി പാട്ടു പാടുന്ന ലിന്റൺ ടൊറന്റോയിൽ നിന്നുള്ള മുൻ പത്രപ്രവർത്തകൻ കൂടിയാണ്.
'ഞാൻ കുറച്ചു പാട്ടുകളൊക്കെ എഴുതിയിട്ടുണ്ട്, എന്നാൽ അതിൽ അത്ഭുതകരമായ ഒന്നും ഇല്ല'', ജോർജ്ജ് ലിന്റൺ പറയുന്നു. മുൻ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടറായ ലിന്റൺ, അന്തരിച്ച ആദ്യ ഭാര്യ പെഗ്ഗിയോടൊപ്പം ഒഴിവുസമയങ്ങളിൽ നഴ്‌സിംഗ് ഹോമുകളിലും ആശുപത്രികളിലും രോഗികൾക്കായി ഗാനമാലപിക്കാൻ പോകുമായിരുന്നു. ''വിവിധ വേഷവിധാനങ്ങൾ അണിഞ്ഞ് ചില ഫെസ്റ്റിവലുകളിൽ പങ്കെടുത്ത് ആളുകളെ രസിപ്പിക്കാറുണ്ടായിരുന്നു അദ്ദേഹം, സമ്പാദിക്കുന്ന പണമെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും, പാവപ്പെട്ട രോഗികൾക്കായി മാത്രം മാറ്റിവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം, ഞങ്ങൾക്കൊന്നും അദ്ദേഹത്തെ തിരക്കൊഴിഞ്ഞ് കാണാൻ കിട്ടിയിരുന്നില്ല''. മരുമകൻ ബ്ലെയർ മക്കേ പറഞ്ഞു.
30-കളിലും 40-കളിലും 50-കളിലും കേട്ട് പരിചിതമായ നാടോടി രാഗങ്ങളാണ് താൻ കൂടുതലും വായിക്കുന്നതെന്ന് ലിന്റൺ പറയുന്നു. ആസ്വാദകർ എറ്റവും കൂടുതൽ അഭ്യർത്ഥിച്ച ഗാനമാകട്ടെ യു ആർ മൈ സൺഷൈൻ ആണ്, എന്നാൽ ആസ്വാദകർ തനിക്കറിയാത്ത പാട്ടുകൾ ആവശ്യപ്പെട്ടാൽ കഴിയും വിധം പാടാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. ചില പാട്ടുകളും ഈണങ്ങളുമെല്ലാം അയാളുടെ തന്നെ സൃഷ്ടിയാണ്. ലിന്റനെപ്പോലൊരാൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നാണ് ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്. നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒട്ടനവധി കാര്യങ്ങളുണ്ടാകാം, മറ്റുള്ളവർക്കു കൂടി ആസ്വദിക്കാൻ കഴിയുന്ന കാര്യം നിങ്ങൾക്കു ചെയ്യാൻ സാധിക്കുമെങ്കിൽ നിങ്ങളെന്തിനു മടിക്കുന്നുവെന്നാണ് ലിന്റൺ ചോദിക്കുന്നത്.