എന്റെ ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കൂ; മിസ് യൂനിവേഴ്‌സ് വേദിയിൽ സൈനിക പീഡനത്തിനെതിരെ ശബ്ദമുയർത്തി മ്യാന്മർ സുന്ദരി
ലോകസൗന്ദര്യ മത്സരവേദിയിൽ തുസർ വിന്ത് 'മ്യാന്മറിനു വേണ്ടി പ്രാർത്ഥിക്കൂ' എന്നെഴുതിയ പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്
ലോക സൗന്ദര്യ മത്സരത്തിൽ സ്വന്തം നാട്ടിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി മ്യാന്മറിൽനിന്നുള്ള മത്സരാർത്ഥി. തുസർ വിന്ത് ല്വിൻ ആണ് ഫ്‌ളോറിഡയിൽ നടന്ന മിസ് യൂനിവേഴ്‌സ് മത്സരവേദി പട്ടാള ഭരണത്തിന്റെ യാതന അനുഭവിക്കുന്ന സ്വന്തം ജനതയ്ക്കുള്ള ഐക്യദാർഢ്യ പ്രഖ്യാപനത്തിനുള്ള അവസരമാക്കിയത്.
തുസർ വിന്ത് ല്വിൻ ലോകസൗന്ദര്യ മത്സരവേദിയിൽ 'മ്യാന്മറിനു വേണ്ടി പ്രാർത്ഥിക്കൂ' എന്ന് എഴുതിയ പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്. ഞായറാഴ്ച നടന്ന മിസ് യൂനിവേഴ്‌സ് ഫൈനലിലായിരുന്നു മ്യാന്മറുകാരിയുടെ പ്രതിഷേധ പ്രകടനം.
എന്റെ ജനത പട്ടാളത്തിന്റെ വെടിയേറ്റ് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുകയാണ്. മ്യാന്മറിനു വേണ്ടി സംസാരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്. പട്ടാള അട്ടിമറി മുതൽ മിസ് മ്യാന്മറായ താൻ കഴിയുന്നതും ഇതേക്കുറിച്ച് തുറന്നുസംസാരിക്കുന്നുണ്ട്-മത്സരത്തിനു മുന്നോടിയായി പ്രദർശിപ്പിച്ച വിഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.
മ്യാന്മറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഭരണ അട്ടിമറിക്കുശേഷം ആയിരത്തോളം സാധാരണക്കാരെയാണ് സൈന്യം കൊലപ്പെടുത്തിയത്. 5,000ത്തോളം പേരെ ജയിലിലടച്ചതായും റിപ്പോർട്ടുണ്ട്.