ചൈനയിൽ 13-ാം നൂറ്റാണ്ടിലെ പള്ളി തകർക്കാൻ ഭരണകൂടം; പ്രതിഷേധവുമായി ഹൂയി മുസ്‌ലിംകൾ
ഏഴു ലക്ഷത്തോളം മുസ്‍ലിം ജനസംഖ്യയുള്ള യുനാനിലെ ചരിത്രപ്രസിദ്ധമായ നാജിയായിങ് മസ്ജിദിനെതിരെയാണ് ഭരണകൂടത്തിന്റെ നീക്കം
ബെയ്ജിങ്: ചൈനയിലെ പുരാതന മുസ്‌ലിം പള്ളി തകർക്കാനുള്ള ഭരണകൂട നീക്കത്തിൽ വൻ പ്രതിഷേധമുയരുന്നു. ചൈനയിലെ ദക്ഷിണപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലെ ചരിത്രപ്രസിദ്ധമായ നാജിയായിങ് മസ്ജിദാണ് തകർക്കാൻ നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശത്തെ മുസ്‌ലിംകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.
യുനാനിലെ നാഗു നഗരത്തിലാണ് നാജിയായിങ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 1370ൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന പള്ളി യുനാനിലെ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. ചൈനയിലെ ഒരു കോടിയോളം വരുന്ന ഹ്യൂയ് മുസ്‌ലിം വംശജരിൽ ഏഴു ലക്ഷത്തോളം പേർ കഴിയുന്നത് യുനാനിലാണ്. ഹ്യൂയ് വംശജരുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള പള്ളി കൂടിയായ നാജിയായിങ്ങിന്റെ താഴികക്കുടങ്ങൾ തകർക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
പള്ളിയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് വികസനപ്രവൃത്തികൾ നടന്നിരുന്നു. പുതുതായി മിനാരങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2020ൽ ചൈനീസ് കോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പാക്കാനെന്നു പറഞ്ഞാണ് ഇപ്പോൾ പ്രാദേശിക ഭരണകൂടം പള്ളിയില്‍ പൊളിക്കല്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്.
തങ്ങളുടെ അവസാനത്തെ അഭിമാനകേന്ദ്രമാണ് നാജിയായിങ് മസ്ജിതെന്ന് നാട്ടുകാർ പറയുന്നു. പള്ളി തകർക്കുന്നത് തങ്ങളുടെ വീടുകൾ തകർക്കുന്നതു പോലെയാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസമാണ് ക്രെയിനുകളുമായി അധികൃതർ സ്ഥലത്തെത്തിയത്. എന്നാൽ, ആയിരക്കണക്കിനു വിശ്വാസികൾ സ്ഥലത്തുതടിച്ചുകൂടി. കടുത്ത പ്രതിഷേധത്തെ തുടർന്ന് നടപടി നീട്ടിവച്ചിരിക്കുകയാണ്. പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയിരത്തിലേറെ ഹ്യൂയ് പള്ളികളുടെ താഴികക്കുടങ്ങളും മിനാരങ്ങളും ചൈനീസ് അധികൃതർ തകർത്തിട്ടുണ്ടെന്ന് 'സി.എൻ.എൻ' റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ വിവിധ മതങ്ങളെയെല്ലാം 'ചൈനീസ്‌വൽക്കരിക്കുമെ'ന്ന് 2021ൽ പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി സ്ഥലങ്ങളിൽ അറബ് മാതൃകയിലുള്ള പള്ളികളുടെ വാസ്തുവിദ്യകൾ മാറ്റാനും സർക്കാർ തലത്തിൽ ഇടപെടലുണ്ടായിരുന്നു.
Summary: Thousands Hui Muslims protest against Chinese authorities over the planned demolition of 13th-century Najiaying Mosque in Nagu town in Yunnan province