റഷ്യയെ യുദ്ധത്തിൽ സഹായിക്കരുത്; ചൈനക്ക് നാറ്റോയുടെ മുന്നറിയിപ്പ്
'പച്ച നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ചൈന റഷ്യക്ക് രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ട്'
യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ യാതൊരു സഹായവും നൽകരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി നാറ്റോ. റഷ്യൻ ആക്രമണത്തിൽ ചൈന കൃത്യമായ പിന്തുണ നൽകുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് ആരോപിച്ചു.
പച്ച നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ചൈന റഷ്യക്ക് രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ട്. ചൈന റഷ്യയെ ഭൗതികമായി പിന്തുണയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് വ്യാഴാഴ്ച ചേർന്ന നാറ്റോ ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം റഷ്യയുടെ യുദ്ധ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിൽ നിന്നും വിട്ടുനിൽക്കകയും യുദ്ധം ഉടനടി അവസാനിപ്പിക്കാൻ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം ചൈന ചേർന്ന് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ ആണവ-രാസ ഭീഷണികൾക്കെതിരെ യുക്രൈന് അധിക പിന്തുണ നൽകാൻ നാറ്റോ സഖ്യകക്ഷികൾ സമ്മതിച്ചതായി ചീഫ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. യുക്രൈനിൽ പോരാട്ടം നാലാഴ്ച പിന്നിടുമ്പോൾ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ ബുധനാഴ്ച കണക്കാക്കി. യുദ്ധത്തിൽ യുക്രൈൻ പ്രതീക്ഷിച്ചതിലും ശക്തമായ ചെറുത്തുനിൽപ്പ് നടത്തുകയും ചെയ്തെന്ന് നാറ്റോ മേധാവി കൂട്ടിച്ചേർത്തു.
യുക്രൈനിലെ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. യുക്രൈനിലെ തന്ത്രപ്രധാന നഗരങ്ങൾ ഇപ്പോഴും റഷ്യ വളഞ്ഞിരിക്കുകയാണ്. അതിനിടെ, യുദ്ധം ചർച്ചചെയ്യാൻ നാറ്റോ നേതാക്കൾ ഇന്ന് യോഗം ചേരും. ഇതിനിടെ രാജ്യത്ത് ആയിരത്തോളം പേർ കൊല്ലപ്പെട്ടുകഴിഞ്ഞു, ദശലക്ഷക്കണക്കിനാളുകൾ ഇപ്പോഴും യുക്രൈനിൽ നിന്ന് പലായനം ചെയ്യുകയാണ്.
നിലവിൽ കേഴ്‌സൺ മാത്രമാണ് റഷ്യൻ സൈന്യത്തിന് പിടിക്കാനായത്. തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
121 കുട്ടികളാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്.14,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള പൗരന്മാരോട് തെരുവിലിറങ്ങാൻ യുക്രൈനിയൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി ബുധനാഴ്ച അഭ്യർത്ഥിച്ചു.
യുക്രൈനായുള്ള 800 മില്ല്യൺ ഡോളറിന്റെ ആയുധസഹായം വേഗം എത്തിക്കുമെന്ന് യുഎസ് പ്രതിരോധ സേന വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനാവിന്യാസം കൂട്ടുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് നാല് പുതിയ യുദ്ധ സംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ സ്ഥിരീകരിച്ചു.