ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കണം; തുറന്ന കത്തുമായി കനേഡിയന്‍ എഴുത്തുകാര്‍

ബഹിഷ്കരണം ആഹ്വാനം ചെയ്ത് ആയിരത്തിലേറെ എഴുത്തുകാരും പ്രസാധകരുമാണ് തുറന്ന കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്

Update: 2024-10-31 03:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാനഡ: ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ നരനായാട്ട് തുടരുന്നതിനിടെ ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ എഴുത്തുകാര്‍. ബഹിഷ്കരണം ആഹ്വാനം ചെയ്ത് ആയിരത്തിലേറെ എഴുത്തുകാരും പ്രസാധകരുമാണ് തുറന്ന കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

ഗസ്സയിലെ യുദ്ധത്തിനെതിരെ ശബ്ദിക്കാത്ത ഇസ്രായേലി പ്രസാധകരും പുസ്തകോത്സവങ്ങളും സാഹിത്യ ഏജൻസികളും "വംശഹത്യയിൽ പങ്കാളികളാണെന്ന്" സാലി റൂണിയും അരുന്ധതി റോയിയും ഉൾപ്പെടെയുള്ള എഴുത്തുകാർ പറയുന്നു. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വെബ്‍സൈറ്റ് ലിറ്റ്ഹബ്ബില്‍ തിങ്കളാഴ്ചയാണ് ബഹിഷ്കരണം ആരംഭിച്ചത്. 2023-ലെ ഗില്ലർ പ്രൈസ് ജേതാവായ സാറ ബേൺസ്റ്റൈൻ, ഡിയോൺ ബ്രാൻഡ്, ഡേവിഡ് ബെർഗൻ, ഗൈ മാഡിൻ, ലിയാൻ ബെറ്റാസമോസാകെ സിംപ്‌സൺ, മിറിയം ടോവ്സ് എന്നിവരും കത്തില്‍ ഒപ്പിട്ടുണ്ട്. കാമ്പയിൻ ആരംഭിച്ചതിന് ശേഷം ഒപ്പിട്ടവരുടെ എണ്ണം 5,000-ലധികമായി വർധിച്ചു.

വിവേചനപരമായ നയങ്ങളിലൂടെയും സമ്പ്രദായങ്ങളിലൂടെയും ഫലസ്തീൻ അവകാശങ്ങൾ ലംഘിക്കുകയും ഇസ്രായേലിനെ വെള്ളപൂശുകയും ചെയ്യുന്ന ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് തുറന്ന കത്തിൽ എഴുത്തുകാർ പറയുന്നു. അധിനിവേശം, വർണവിവേചനം വംശഹത്യ എന്നിവയെ ഇസ്രായേല്‍ പ്രസാധകര്‍ ന്യായീകരിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

''അനീതികള്‍ സാധാരണ നിലയിലാക്കുന്നതില്‍ സംസ്‌കാരം അവിഭാജ്യ പങ്ക് വഹിച്ചിട്ടുണ്ട്.പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഫലസ്തീനികളെ കയ്യേറിയും അടിച്ചമര്‍ത്തിയും ഇല്ലാതാക്കുന്നതില്‍ ഇസ്രായേല്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിര്‍ണായകമാണ്. പലപ്പോഴും ഭരണകൂടവുമായി കൈകോര്‍ത്ത് അവര്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നു''കത്തില്‍ പറയുന്നു. “ഞങ്ങളുടെ സഹ എഴുത്തുകാരോടും വിവർത്തകരോടും ചിത്രകാരന്മാരോടും പുസ്തക തൊഴിലാളികളോടും ഈ പ്രതിജ്ഞയിൽ ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു,” കത്തിൽ ആവശ്യപ്പെടുന്നു.

"ഇസ്രായേൽ ഭരണകൂടവുമായും പങ്കാളികളായ ഇസ്രായേലി സ്ഥാപനങ്ങളുമായും ഇടപഴകുന്നത് നിർത്താൻ, ഒരു നിലപാട് സ്വീകരിക്കുന്നതിന് ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങളുടെ പ്രസാധകരോടും എഡിറ്റർമാരോടും ഏജൻ്റുമാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു."

അന്താരാഷ്ട്ര സംഘടനകളായ പബ്ലിഷേഴ്‌സ് ഫോർ ഫലസ്‌തീന്‍, ഫലസ്‌തീൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചര്‍, യു.എസ്. ഓർഗനൈസേഷനായ റൈറ്റേഴ്‌സ് എഗെയ്ൻസ്റ്റ് വാർ ഓൺ ഗസ്സ, ബുക്‌സ് എഗെയ്ൻസ്റ്റ് ജെനോസൈഡ്, യുകെയിലെ ബുക്ക് വർക്കേഴ്‌സ് ഫോർ എ ഫ്രീ ഫലസ്തീന്‍, ഫോസിൽ ഫ്രീ ബുക്‌സ് എന്നിവര്‍ ചേർന്നാണ് ബഹിഷ്‌കരണം സംഘടിപ്പിക്കുന്നത്.

''വർണ വിവേചനത്തോടും കുടിയൊഴിപ്പിക്കലിനോടും ഉള്ള ബന്ധത്തെ ചോദ്യം ചെയ്യാതെ നമുക്ക് നല്ല മനസ്സാക്ഷിയോടെ ഇസ്രായേലി സ്ഥാപനങ്ങളുമായി ഇടപഴകാൻ കഴിയില്ല'' എഴുത്തുകാര്‍ വ്യക്തമാക്കുന്നു. ഒപ്പിട്ടവരുടെ മുഴുവൻ പട്ടികയും അടുത്തയാഴ്ച പുറത്തിറക്കും. ഫലസ്തീനികളെ അടിച്ചമർത്തുന്നതിന് കൂട്ടുനിൽക്കുകയോ നിശബ്ദ നിരീക്ഷകരായി തുടരുകയോ ചെയ്യുന്ന ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങളുമായി തങ്ങൾ പ്രവർത്തിക്കില്ലെന്നും എഴുത്തുകാര്‍ വിശദമാക്കുന്നു.

എന്നാല്‍ ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാനുള്ള നീക്കത്തെ 'ജാക്ക് റീച്ചര്‍' രചയിതാവ് ലീ ചൈല്‍ഡ് വിമര്‍ശിച്ചു. ഇസ്രായേലിന്റെ സര്‍ഗ്ഗാത്മകരും ബുദ്ധിജീവികളും 'സമമായ ഫലത്തിനായുള്ള പോരാട്ടത്തിലെ ഉറച്ച സഖ്യകക്ഷികളാണെന്നും അവരെ പൈശാചികവല്‍ക്കരിക്കുന്നത് ശരിയല്ലെന്നുമാണ്. വ്യക്തിപരമായി താന്‍ സമ്പൂര്‍ണ്ണ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നുവെന്നും പ്രായോഗിക വ്യക്തി എന്ന നിലയില്‍ അതേ രീതിയില്‍ ചിന്തിക്കുന്ന ഇസ്രായേലികളുമായി സഹകരിക്കുക എന്നതാണ് തന്റെ സഹജാവബോധമെന്നും അദ്ദേഹം പറഞ്ഞു. പാലങ്ങള്‍ പണിയുക എന്നതാണ് പോംവഴിയെന്നും അവ റദ്ദാക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കത്തില്‍ ഒപ്പ് വച്ചവരുടെ ലക്ഷ്യം തെറ്റാണ്. ഇത് മൂലം കഷ്ടപ്പെടുന്നത് ഇടതുപക്ഷവും നെതന്യാഹു വിരുദ്ധരുമായ ഇസ്രായേലികളായിരിക്കും'' ട്രാൻസ്‌വേൾഡ് ബുക്‌സിൻ്റെ മുൻ പബ്ലിഷിംഗ് മേധാവി ലാറി ഫിൻലെ ടൈംസിനോട് പറഞ്ഞു.വെറുപ്പിൽ നിന്നും യഹൂദ വിരുദ്ധതയിൽ നിന്നും പിറവിയെടുക്കുന്ന ഈ ബഹിഷ്കരണത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News