നേപ്പാൾ വിമാനാപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തു
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെടുത്തു
കാഠ്മണ്ഡു: നേപ്പാൾ വിമാന അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെടുത്തതായി രക്ഷാ പ്രവർത്തകർ അറിയിച്ചു. ദുബൈയിൽ നിന്നുള്ള നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
10 മൃതദേഹങ്ങൾ കാഠ്മണ്ഡുവിലേക്കും 12 മൃതദേഹങ്ങൾ ബേസ്‌ക്യാമ്പിലേക്കും കൊണ്ടുപോയി. മരിച്ചവരെയെല്ലാം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയച്ചു. സംഭവം നടന്ന സ്ഥത്ത് 100 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹങ്ങൾ ചിതറിക്കിടന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സൈന്യം തന്നെ പുറത്ത് വിട്ടിരുന്നു.
ഞായറാഴ്ച രാവിലെയാണ് നേപ്പാളിലെ പർവത പ്രദേശമായ മുസ്താങ് ജില്ലയിൽ താരാ എയർലൈൻസിന്റെ വിമാനം തകർന്നു വീണതായി കണ്ടത്. പൊഖാറയിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വിമാനം കാണാതാവുകയായിരുന്നു. 14000 അടി മുകളിൽ നിന്നും വിമാനം തകർന്നുവീഴുകയായിരുന്നു. നാല് ഇന്ത്യക്കാരും 13 നേപ്പാളികളും 3 ജപ്പാൻകാരും 2 ജർമൻകാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തിൽ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയും പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും അനുശോചനം രേഖപ്പെടുത്തി. വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ സീനിയർ എയറോനോട്ടിക്കൽ എഞ്ചിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മീഷനെ സർക്കാർ രൂപീകരിച്ചു.
മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ഇടത്തേക്ക് തിരിയുന്നതിന് പകരം വലത്തേക്ക് തിരിഞ്ഞതിനെ തുടർന്നാണ് പർവതങ്ങളിൽ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സി.എ.എൻ ഡയറക്ടർ ജനറൽ പ്രദീപ് അധികാരി പാർലമെന്റ് അന്താരാഷ്ട്ര സമിതി യോഗത്തിൽ പറഞ്ഞു.
വിമാനം കാണാതായി 20 മണിക്കൂറിന് ശേഷമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശവാസികളാണ് സൈന്യത്തിന് വിവരം നൽകിയത്. കനത്ത മഞ്ഞുവീഴ്ച കാരണം പെട്ടന്ന് സ്ഥലത്തേക്കെത്താൻ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് പ്രത്യേക സംഘം സ്ഥലത്തെത്തിയത്.
നേപ്പാളിൽ ഇത്തരത്തിലുള്ള വിമാന അപകടങ്ങൾ മുൻപും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. 2016ൽ ഇതേ എയർലൈനിന്റെ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 23 പേരും മരിച്ചിരുന്നു. 2018 മാർച്ചിൽ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ യുഎസ്-ബംഗ്ലാ വിമാന അപകടത്തിൽ 51 പേർ മരിച്ചു. 2012 സെപ്റ്റംബറിൽ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റിംഗിനിടെ സീത എയർ വിമാനം തകർന്ന് 19 പേരും മരിച്ചിരുന്നു. 2012 മെയ് 14 ന് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പറക്കുന്ന വിമാനം ജോംസോം വിമാനത്താവളത്തിന് സമീപം തകർന്ന് 15 പേരും മരിച്ചു. നേപ്പാളിലെ മുൻനിര എയർലൈൻസ് കമ്പനിയാണ് താര എയർലൈന്‌സ്. ഗ്രാമീണ വികസനത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2009 ലാണ് കമ്പനി ആരംഭിക്കുന്നത്.