അന്ന് വിമാന ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു, ഇന്ന് അതേവഴിയിൽ അഞ്ജുവും; വിടപറഞ്ഞത് ക്യാപ്റ്റനെന്ന സ്വപ്‌നം ബാക്കിയാക്കി
യതി എയർലൈൻസിലെ തന്നെ പൈലറ്റായിരുന്നു ഭർത്താവ് ദീപകും
പൊഖാറ: 72 യാത്രക്കാരുമായി പോയ യതി എയർലൈൻസ് കഴിഞ്ഞദിവസമാണ് നേപ്പാളിലെ പൊഖറയിൽ തകർന്നുവീണത്. ലോകം തന്നെ നടുക്കിയ ദുരന്തത്തിൽ 68 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുക്കുകയും ചെയ്തു. തകർന്നുവീണ വിമാനത്തിന്റെ കോ പൈലറ്റായിരുന്നത് അഞ്ജു ഖതിവാഡയായിരുന്നു.
16 വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു വിമാന ദുരന്തത്തിലാണ് അഞ്ജുവിന് ആദ്യ ഭർത്താവിനെയും നഷ്ടപ്പെട്ടത്. യാദൃശ്ചികമെന്ന് പറയട്ടെ, അഞ്ജുവിനെപോലെ ഭർത്താവ് ദീപക് പൊഖരേലും യതി എയർലൈൻസിലെ തന്നെ പൈലറ്റായിരുന്നു. 2006 ജൂൺ 21 ന് നേപ്പാൾ ഗഞ്ചിൽ നിന്ന് സുർഖേത് വഴി ജുംലയിലേക്ക് പോവുകയായിരുന്ന യതി എയർലൈൻസിന്റെ 9N AEQ വിമാനം തകർന്നുവീണാണ് ദീപക് മരിച്ചത്. ആ ദുരന്തത്തിൽ ആറ് യാത്രക്കാരും നാല് ജീവനക്കാരുമുൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച പൊഖാറയിൽ വിമാനം തകർന്നുവീഴുമ്പോൾ അതേസീറ്റിൽ തന്നെയായിരുന്നു അഞ്ജുവും. പൈലറ്റ് എന്ന സ്വപ്‌നം കൂടി ബാക്കി വെച്ചാണ് അഞ്ജുവും യാത്രയായത്. പൈലറ്റാകാനുള്ള സ്ഥാനക്കയറ്റത്തിന് സെക്കന്റുകൾ മുമ്പാണ് അപകടം സംഭവിച്ചത്. മുതിർന്ന ക്യാപ്റ്റൻ കമൽ കെസിയാണ് തകര്‍ന്നുവീണ വിമാനത്തിന്‍റെ പൈലറ്റാക്കിയിരുന്നത്. അഞ്ജു വിമാനത്തിലെ കോ പൈലറ്റായിരുന്നു. സഹപൈലറ്റായി അഞ്ജു പറത്തുന്ന അവസാനത്തെ വിമാനമായിരുന്നു തകർന്നുവീണത്.
പൈലറ്റാകാൻ കുറഞ്ഞത് 100 മണിക്കൂറെങ്കിലും വിമാനം പറത്തി പരിചയം വേണം. ഈ വിമാനം ലാന്റ് ചെയ്തതിന് ശേഷമായിരുന്നു അഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനക്കയറ്റം നൽകാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജകരമായി ലാന്റിങ് നടത്തിയ പൈലറ്റുകൂടിയായിരുന്നു അഞ്ജു. എന്നാൽ അഞ്ജുവിന്റെ എല്ലാ സ്വപ്‌നങ്ങളെയും നിമിഷങ്ങൾ ബാക്കിനിൽക്കെ കത്തി ചാമ്പലായി. വിമാനം പൊഖാറ വിമാനത്താവളത്തിലിറങ്ങാൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് കത്തിവീണത്.
കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിലെ വിമാനം പോഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. വിമാനം പൂർണ്ണമായും കത്തി നശിച്ചതിനാൽ ആരും രക്ഷപെടാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ലഭിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും. ഡി എൻ എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും എന്നാണ് സൂചന.സാങ്കേതിക തകരാർ ഒന്നും ഉള്ളതായി പൈലറ്റിൽ നിന്ന് വിവരം ലഭിച്ചില്ല എന്നാൽ വിമാനത്താവള അധികൃതർ പറയുന്നത്. നേപ്പാളിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.