ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു
ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നൽകേണ്ടിവരുമെന്നും ജറൂസലമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു
തെല്‍ അവിവ്: ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതിൽ ബന്ധുക്കളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നൽകേണ്ടിവരുമെന്നും ജറൂസലമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.
ഹമാസും ഇറാനുമായി യാതൊരു ഒത്തുതീർപ്പിനും ഇല്ല. ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് പിൻമാറണമെന്ന ഹമാസിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. അതേ സമയം ബന്ദികളുടെ കൊലയെ തുടർന്ന് ഇസ്രായേലിൽ ഉടനീളം രൂപപ്പെട്ട പ്രതിഷേധവും പണിമുടക്കും നെതന്യാഹു സർക്കാറിനെ സമ്മർദത്തിലാക്കി. ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും ഇസ്രായേൽ തീർത്തും സ്തംഭിച്ചു. ജറുസലെമിൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെൽ അവീവിൽ സൈനിക ആസ്ഥാനത്തും ലികുഡ് പാർട്ടി ആസ്ഥാനത്തും ആയിരങ്ങൾ പ്രതിഷേധിച്ചു.
ഗസ്സയിൽ വെടിനിർത്തൽ കരാറിനുള്ള നീക്കം ഖത്തറും ഈജിപ്തുമായി ചേർന്ന് തുടരുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം ഇസ്രായേലിനുള്ള ആയുധ കയറ്റുമതിയിൽ ഭാഗികവിലക്ക് ഏർപ്പെടുത്താനുള്ള ബ്രിട്ടന്‍റെ തീരുമാനം ഞെട്ടിച്ചതായി പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞു. ഇസ്രായേലിനുള്ള മുപ്പതോളം ആയുധ കയറ്റുമതി ലൈസൻസുകളാണ് ബ്രിട്ടൻ തടഞ്ഞത്. സിവിലിയൻ സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കുന്നതായ കണ്ടെത്തലിനെ തുടർന്നാണ് ബ്രിട്ടന്‍റെ നടപടി. ചെങ്കടലിൽ രണ്ട് കപ്പലുകൾക്ക് നേരെ ഹൂത്തികളുടെ ആക്രമണം നടന്നു.