ലെബനാൻ യുദ്ധം സംബന്ധിച്ച് ഭിന്നത; ഇസ്രായേൽ പ്രതിരോധ മന്ത്രിയെ പുറത്താക്കാനൊരുങ്ങി നെതന്യാഹു
സംഘർഷം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ക്ഷീണിപ്പിക്കുമെന്നാണ് ഗാലന്റിന്റെ വാദം
തെൽ അവീവ്: ഗസ്സയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലെബനാന് നേരെ വലിയ രീതിയിലുള്ള ആക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതിയെ യോവ് ഗാലന്റ് എതിർക്കുന്നുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കാൻ ഒരുങ്ങുന്നതെന്ന് ഇസ്രായേലി ദിനപത്രമായ ‘ഹാരറ്റ്സ്’ റിപ്പോർട്ട് ചെയ്യുന്നു.
വടക്കൻ ഇസ്രായേലിൽ ലെബനാനിൽനിന്ന് ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടാകുന്നത്. ഇതിന് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെ വൻതോതിലുള്ള ആക്രമണം നടത്താൻ ഇസ്രായേലി സൈന്യത്തെ പ്രധാനമന്ത്രി പ്രേരിപ്പിക്കുന്നതായുള്ള സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, പ്രതിരോധ മന്ത്രി ഇതിനെ എതിർക്കുകയാണ്. സംഘർഷം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ക്ഷീണിപ്പിക്കുമെന്നാണ് ഗാലന്റിന്റെ വാദം.
പ്രതിപക്ഷത്തെ വലതുപക്ഷ അംഗമായ ഗിദിയോൻ സാറിനെ സർക്കാറിന്റെ ഭാഗമാക്കാൻ നെതന്യാഹു ശ്രമിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് ഗാലന്റിന്റെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികൾ നടക്കുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നാഷനൽ റൈറ്റ് പാർട്ടി നേതാവാണ് ഗിദിയോൻ സാർ. നേരത്തേ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അംഗമായിരുന്ന ഇദ്ദേഹം 2020ൽ സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു.
ഗാലന്റിനെ പുറത്താക്കണമെന്ന് ദേശീയ സുരക്ഷാ മന്ത്രി
ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ അടക്കമുള്ള തീവ്രവലതുപക്ഷ കക്ഷികൾ പ്രതിരോധ മന്ത്രിക്കെതിരെ വലിയ വിമർശനമാണ് ഉയർത്തുന്നത്. ‘ഗാലന്റിനെ പുറത്താക്കാൻ നിരവധി മാസങ്ങളായി ഞാൻ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള സമയം ഉടനടി വന്നിരിക്കുന്നു. വടക്കൻ ഇസ്രായേലുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ എടുക്കണം. ഗാലന്റ് അതിനെ നയിക്കാൻ അനുയോജ്യനായ ആളല്ല’ -ഇറ്റാമർ ബെൻഗവിർ ‘എക്സി’ൽ കുറിച്ചു.
അതേസമയം, സർക്കാറിന്റെ ഭാഗമാകുന്നതിന് പകരമായി ഗിദിയോൻ സാർ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ചർച്ച ലക്ഷ്യത്തിലെത്താൻ ഇനിയും സമയമെടുക്കാൻ സാധ്യതയുണ്ടെന്ന് ഹാരറ്റ്സിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഗിദിയോൻ സാറിനെ സർക്കാറിന്റെ ഭാഗമാക്കാനുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധ മന്ത്രിയെ പുറത്താക്കുന്നത് നെതന്യാഹുവിന്റെ പരിഗണനയിലുണ്ട്. വടക്കൻ മേഖലയിലെ ആക്രമണം സംബന്ധിച്ച് തിങ്കളാഴ്ച സുരക്ഷാ മന്ത്രിസഭ ചേരും. യുദ്ധം വ്യാപിപ്പിക്കാനും ഇവിടെനിന്ന് ഒഴിഞ്ഞുപോയവരെ തിരികെ എത്തിക്കാനുമുള്ള നടപടികൾക്ക് യോഗത്തിൽ മുൻഗണന നൽകുമെന്നാണ് സൂചന. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കൂടിയോലചനകൾ നേരത്തേ നടന്നിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള സന്ദേശങ്ങൾക്ക് വിരുദ്ധമായി, ലെബനാനിതിരെ വൻതോതിലുള്ള ആക്രമണത്തെ നെതന്യാഹു വ്യക്തമായി പിന്തുണച്ചിട്ടില്ലെന്നാണ് സുരക്ഷാ വൃത്തങ്ങൾ പറയുന്നത്. വടക്കൻ ഇസ്രായേലിലെ വലിയ ആക്രമണത്തെ സ്ട്രാറ്റജിക് അഫേഴ്സ് മന്ത്രി റോൻ ഡെർമെറും എതിർത്തിട്ടുണ്ട്. അമേരിക്കയുടെ എതിർപ്പും സമാധാന ചർച്ചകളുമാണ് ഇതിന് കാരണമായി പറയുന്നത്. മന്ത്രിസഭയിലെ സ്ഥിരാംഗമായ ആരി ഡെറിയും ഇതേ വാദമാണ് ഉന്നയിക്കുന്നത്.
ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് മുതിർന്ന രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. വടക്കൻ ഇസ്രായേലിലെ നടപടികളെ തടയാൻ ശ്രമിച്ചാൽ ഗാലന്റിനെ മാറ്റുമെന്ന് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളെ ഉദ്ധരിച്ചുകൊണ്ട് രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റർ ‘കാൻ’ റിപ്പോർട്ട് ചെയ്യുന്നു. ലെബനാനിതിരായ യുദ്ധത്തെ നയിക്കുക യോവ് ഗാലന്റ് ആയിരിക്കില്ലെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് നെതന്യാഹുവിന്റെ അടുത്ത അനുനയായി യാക്കോവ് ബർദുഗോ തിങ്കളാഴ്ച ചാനൽ 14നോട് വ്യക്തമാക്കുകയുണ്ടായി.
അനുമതിയില്ലാതെ ലഘുലേഖകൾ വിതരണം ചെയ്ത് സൈന്യം
ആക്രമണത്തിന് മുന്നോടിയായി തെക്കൻ ലെബനാനിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ലഘുലേഖകൾ അനുമതിയില്ലാതെ ഇസ്രായേലി സൈനിക യൂനിറ്റ് വിതരണം ചെയ്തത് വലിയ വിവാദമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. വസ്സനി പ്രദേശത്തുനിന്ന് നാട്ടുകാരോട് ഒഴിഞ്ഞുപോകാനാണ് ലഘുലേഖയിൽ ആവശ്യപ്പെടുന്നത്. അനധികൃതമായാണ് ലഘുലേഖ വിതരണം ചെയ്തതെന്നും ഇവിടെ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
മാസങ്ങളായി ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ആക്രമണങ്ങൾ നടക്കുന്നതിനാൽ ഇരുഭാഗത്തുനിന്നുമായി നിരവധി പേർ ഒഴിഞ്ഞുപോയിട്ടുണ്ട്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമത്തിനെതിരെ ഫലസ്തീനികൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് ഹിസ്ബുല്ല ആക്രമണം ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് വടക്കൻ ഇസ്രായേലിൽനിന്ന് പലായനം ചെയ്തത്.