വിജയത്തിനായി തയ്യാറെടുക്കൂ; ഗസ്സ അതിര്‍ത്തിയിലെ സൈനികരോട് നെതന്യാഹു

എല്ലാ ശക്തിയും ഉപയോഗിച്ച് ഇസ്രായേൽ വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Update: 2023-10-20 07:01 GMT
Editor : Jaisy Thomas | By : Web Desk

നെതന്യാഹു സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നു

Advertising

ജറുസലേം: ഇസ്രായേൽ ഒരു വലിയ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയത്തിനായി തയ്യാറെടുക്കൂവെന്ന് ഗസ്സ അതിര്‍ത്തിക്ക് സമീപമുള്ള ഗോലാനി സൈനികരോട് പറഞ്ഞു. കരയുദ്ധത്തിനു മുന്നോടിയായി നെതന്യാഹു ഗസ്സ അതിർത്തിയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ശക്തിയും ഉപയോഗിച്ച് ഇസ്രായേൽ വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര യുദ്ധം ദീര്‍ഘവും തീവ്രവുമായിരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന സതേണ്‍ കമാന്‍ഡിന്‍റെ തലവന്‍ മേജർ ജനറൽ യാറോൺ ഫിങ്കൽമാൻ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്‍റെ അതിര്‍ത്തിയിലെ സന്ദര്‍ശനം. “നമ്മള്‍ സർവ്വശക്തിയുമുപയോഗിച്ച് വിജയിക്കാൻ പോകുന്നു,” നെതന്യാഹു സൈനികരുടെ സംഘത്തോട് പറഞ്ഞു. "ഇസ്രായേൽ മുഴുവനും നിങ്ങളുടെ പിന്നിലുണ്ട്, നമ്മള്‍ ശത്രുക്കളെ കഠിനമായി ആക്രമിക്കാൻ പോകുന്നു, അങ്ങനെ നമുക്ക് വിജയം നേടാനാകും." ഇസ്രായേല്‍ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് നേരെ തങ്ങളുടെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയപ്പോഴും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച രാജ്യത്തെ ലക്ഷക്കണക്കിന് സൈനികരോട് ഗസ്സ മുനമ്പ് ആക്രമിക്കാൻ സജ്ജരാകാന്‍ നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേലി കാലാൾപ്പട സൈനികരുമായി ഗാലന്‍റ് കൂടിക്കാഴ്ച നടത്തി. 'സംഘടിക്കുക, സജ്ജരാവുക' എന്ന് സൈന്യത്തോട് പറഞ്ഞു. എന്നാല്‍ ആക്രമണത്തിനുള്ള ഉത്തരവ് എപ്പോള്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ''ഇപ്പോള്‍ ഗസ്സയെ ദൂരെ നിന്നും കാണുന്നവര്‍ അത് ഉള്ളില്‍ നിന്ന് കാണും. ഞാനുറപ്പ് പറയുന്നു'' എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. സാധാരണക്കാരുള്‍പ്പെടെ 300,000മോ അതിലധികമോ സൈനികരാണ് ഇസ്രായേലിന്‍റെ ഭാഗത്തുള്ളത്. ഇസ്രായേല്‍ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്നും സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേല്‍ പ്രതിരോധ വക്താവ് വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News