സുരക്ഷാഭീഷണി; നെതന്യാഹു കഴിയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ബങ്കറിൽ

കൂടുതൽ സമയം ഒരേ സ്ഥലത്ത് കഴിയരുതെന്നും പലയിടങ്ങളിലായി മാറിമാറിക്കഴിയാനും നെതന്യാഹുവിനോട് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2024-11-11 09:16 GMT
Editor : Shaheer | By : Web Desk
Advertising

തെൽ അവീവ്: കനത്ത സുരക്ഷാ ഭീഷണികൾക്കിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനു താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗർഭ അറയിലാണ് അദ്ദേഹം ദൈനംദിന യോഗങ്ങൾ ഉൾപ്പെടെ ചേരുന്നതെന്ന് ഇസ്രായേൽ മാധ്യമമായ 'ചാനൽ 12' റിപ്പോർട്ട് ചെയ്യുന്നു. ഡ്രോൺ ആക്രമണ ഭീഷണികൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണു നടപടി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുകൾ നിലയിലുള്ള മുറിയിലാണു സാധാരണ യോഗങ്ങൾ ചേരാറുള്ളത്. ഇതാണിപ്പോൾ ഭൂഗർഭ മുറിയിലേക്കു മാറ്റിയിരിക്കുന്നതെന്ന് 'ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓഫിസിലുണ്ടാകുമ്പോൾ ഭൂരിഭാഗം സമയവും നെതന്യാഹു ഇവിടെത്തന്നെയാണു കഴിയുന്നതെന്നാണു വിവരം. ഇവിടെ സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ സമയം ഒരേ സ്ഥലത്ത് കഴിയരുതെന്നാണ് നെതന്യാഹുവിനോട് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലായി മാറിമാറിക്കഴിയാനും നിർദേശമുണ്ട്. സുരക്ഷാ ഭീഷണിയെ തുടർന്ന് മകൻ അവ്‌നെറിന്റെ വിവാഹവും നീട്ടിവയ്ക്കാൻ ആലോചിക്കുന്നുണ്ട്. ഇതേകാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള ദിവസം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകസംഘം ജറൂസലം ജില്ലാ കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ തിരക്കിൽ നിയമവിഷയത്തിൽ തയാറാകാനുള്ള സമയം കിട്ടിയില്ലെന്നും ഹരജിയിൽ വാദിക്കുന്നുണ്ട്.

ഒക്ടോബർ 25ന് ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നിൽകണ്ടായിരുന്നു നീക്കം. ആക്രമണസമയത്തെല്ലാം ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ, കഴിഞ്ഞ ഒക്ടോബർ ആദ്യത്തിൽ ഇസ്രായേൽ തീരനഗരമായ സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷവും ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങൾ തുടരുകയാണ്. തെൽ അവീവിലെ സൈനിക താവളങ്ങളും പ്രധാന വിമാനത്താവളം ഉൾപ്പെടെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ആക്രമണവും നടന്നിരുന്നു. ഏതുസമയവും ഇറാന്റെ പ്രത്യാക്രമണവും ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്.

ഒക്ടോബർ 13നായിരുന്നു സീസറിയയിൽ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. നെതന്യാഹുവിന്റെ വസതി ആക്രമിക്കപ്പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മണിക്കൂറുകൾക്കകം സ്ഥിരീകരിക്കുകയും ചെയ്തു.

അടുത്തിടെ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു. വടക്കൻ ഇസ്രായേലിലെ മെറ്റൂലയിൽ നെതന്യാഹുവിന്റെ സന്ദർശനത്തിനു തൊട്ടുമുൻപ് ഡ്രോൺ ആക്രമണം നടക്കുകയായിരുന്നു. ഹിസ്ബുല്ല ആക്രമണം ശക്തമായ മേഖലയിലാണു സംഭവം. ഇതേതുടർന്ന് അദ്ദേഹം യാത്ര റദ്ദാക്കി മടങ്ങുകയും ചെയ്തു.

സുരക്ഷാഭീഷണി ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിക്കായി ഇസ്രായേൽ സുരക്ഷാ വിഭാഗം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. നിലവിൽ സർക്കാർ യോഗങ്ങളെല്ലാം പലയിടങ്ങളിലായാണു നടക്കുന്നത്. നെതന്യാഹുവിനെ കാണാനെത്തുന്നവർ ഭൂഗർഭ അറയിലെ മുറിയിലാണു കൂടിക്കാഴ്ച നടത്തുന്നത്.

Summary: Benjamin Netanyahu working from underground bunker in Israel PM's office following drone attacks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News